തലശ്ശേരി: പുന്നോൽ കുറിച്ചിയിൽ കഴിഞ്ഞ 16 വർഷത്തോളമായി കണക്കോ, തെരെഞ്ഞെടുപ്പോ കൂടാതെ തുടർച്ചയായി മഹല്ല് ഭരണം കൈയാളുന്ന കമ്മിറ്റിക്കെതിരെ ഒരു വിഭാഗം വിശ്വാസികളും നാട്ടുകാരും രംഗത്ത്.

നിലവിലുള്ള കമ്മിറ്റിയെ കോടതി അസാധുവാക്കിയതാണെന്നും മഹല്ലിൽ 2500 ൽ പരം വോട്ടവകാശികളുണ്ടായിരിക്കെ, വേണ്ടപ്പെട്ട വെറും 120 പേർക്ക് മാത്രം തിരഞ്ഞെടുപ്പ് വിളംബര പത്രം വിതരണം ചെയ്ത് ലീഗ് നേതാവിനെ റിട്ടേണിംഗ് ഓഫീസറാക്കി,തലശ്ശേരി ഖാസിയുടെ എതിർപ്പ് മറികടന്ന് നടത്തിയ തിരഞ്ഞെടുപ്പ് കോടതി അസാധുവാക്കിയതാണെന്ന് മഹല്ല് മുസ്ലിം ഓർഗനൈസേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കമ്മിറ്റി അപ്പീൽ പോയെങ്കിലും അവിടെയും കോടതി വിധി കമ്മിറ്റിക്കെതിരായിരുന്നു.
എന്നാൽ അതെല്ലാം കാറ്റിൽ പറത്തി ഇപ്പോഴും കമ്മിറ്റി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാന്നെന്ന് നേതാക്കൾ രേഖകൾ സഹിതംചൂണ്ടിക്കാട്ടി.
കഴിഞ്ഞ 16 വർഷത്തിനിടയിൽ മഹല്ലിൽ നടന്ന നിരവധി നിർമ്മാണ പ്രവർത്തികളുടെയും മറ്റ് സംഭാവനകളുടെയും കണക്കുകൾ ഇക്കാലയളവിൽ അവതരിപ്പിച്ചിട്ടില്ലെന്ന് നേതാക്കൾ ആരോപിച്ചു.
ഈ സംഖ്യകൾ വഖഫ് ബോർഡിനെയോ, മറ്റ് അധികാര സ്ഥാപനങ്ങളേയോ അറിയിക്കാതെ ആ പണം പ്രസിഡന്റ് സ്വന്തം അക്കൗണ്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് മഹല്ലിലെ ജനങ്ങളോട് വിശദീകരിച്ചത്. ഇതും കോടതി ഉത്തരവിന്റെ നഗ്നമായ ലംഘനമാണെന്ന് ഓർഗനൈസേഷൻ പ്രസിഡന്റ് നാസർ പുന്നോൽ, നൗഷാദ് മാഡോൾ, ഷാഫി ഉസ്സൻ മൊട്ട, സെമീർ മുരിക്കോളി, ബണ്ണാൻ കണ്ടി ഫിറോസ്, മാഡോൾ നസീർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.