തൃക്കരിപ്പൂർ: അനുഷ്ഠാനകലയായ പൂരക്കളിയോട് ചേർന്നുനിൽക്കുന്ന പൂരമാലപ്പാട്ട് വഴിയുള്ള കൊവിഡ് ബോധവത്കരണം നവമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ഭീതിവിതച്ച് കൊവിഡ് പടരുന്ന സാഹചര്യത്തിലാണ് സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെയും മാസ്‌ക് ധരിക്കേണ്ടതിന്റെയും കൈ കഴുകലിന്റെയുമൊക്കെ ആവശ്യകതയെക്കുറിച്ച് വശ്യമായ താളത്തിലും ഈണത്തിലുമായി പൂരമാലപ്പാട്ട് ഒരുക്കിയിട്ടുള്ളത്
മാരകമായൊരു മാരി... മരണം വിതയ്ക്കുന്ന മാരി എന്നു തുടങ്ങുന്ന അതിജീവനത്തിനു വേണ്ടിയുള്ള ഈ പാട്ട് രചിച്ചിട്ടുള്ളത് നാടക രചയിതാവും അനൗൺസറുമായ കുണിയൻ കിഴക്കെക്കരയിലെ സുരേശൻ തീക്കടിയാണ്. തനത് ആലാപനഭംഗിയോടെ കൊഴുമ്മൽ കൃഷ്ണൻ പണിക്കരുടേതാണ് ആലാപനം. തൊട്ടുതലോടലും ഹസ്തദാനവുമൊക്കെ ഒഴിവാക്കണമെന്നും പാട്ട് ഓർമ്മിപ്പിക്കുന്നു.
മൃത്യുഗാഥ എന്ന ഒന്നര മണിക്കൂർ ദൈർഘ്യമുള്ള നാടകമടക്കം നിരവധി രചനകളിലൂടെ ശ്രദ്ധേയനായ കലാകാരനാണ് സുരേശൻ തീക്കടി. കൊഴുമ്മൽ ശ്രീമാക്കീൽ മുണ്ട്യക്കാവ് വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ നിന്ന് പൂരക്കളിയുടെ ബാലപാഠം പഠിച്ച കൃഷ്ണൻ പണിക്കർ സ്‌കൂൾ കലോത്സവങ്ങളിൽ 2004, 2006, 2017 എന്നീ വർഷങ്ങളിൽ വിവിധ സ്‌കൂളുകൾക്ക് സംസ്ഥാന തലത്തിൽ പൂരക്കളിയിൽ ഒന്നാം സ്ഥാനം നേടിക്കൊടുത്തിട്ടുണ്ട്. മനോജ് കൊഴുമ്മൽ, സനേഷ് കുണിയൻ, സുശാന്ത് കൊഴുമ്മൽ, ആദർശ്, ജിഷ്ണു എന്നിവരാണ് പാട്ട് ഏറ്റു പാടിയിട്ടുള്ളത്. ചീമേനിയിലെ ഹരിശ്രീ റിക്കാർഡിംഗ് സ്റ്റുഡിയോയാണ് പാട്ട് റിക്കാർഡ് ചെയ്തത്.