pragnan

പരിയാരത്ത് ചികിത്സതേടിയ ഗർഭിണികൾ 263

കണ്ണൂർ: ജില്ലയിൽ കൊവിഡ് പോസിറ്റീവാകുന്ന ഗർഭിണികളുടെ എണ്ണം കൂടുന്നതായി കണക്കുകൾ. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാത്രം ഇതുവരെ 263 കൊവിഡ് പോസിറ്റീവായ ഗർഭിണികൾ ചികിത്സ തേടി. ഇതിൽ 129 പേർ ഇതിനോടകം പ്രസവിച്ചു. 96 പേരുടെ പ്രസവം ശസ്ത്രക്രിയയിലൂടെ ആയിരുന്നു.

ഗൈനക്കോളജി വിഭാഗം മേധാവി ഡോ. എസ്. അജിത്തിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും ഇവിടെ ഗർഭിണികളുടെ ചികിത്സാ വിഭാഗം പ്രവർത്തിക്കുന്നുണ്ട്. ചികിത്സ തേടിയ മുഴുവൻ ഗർഭിണികളെയും മഹാമാരിയിൽ നിന്നും രക്ഷപ്പെടുത്താൻ സാധിച്ചു എന്നത് ആശ്വാസകരമാണ്. സംസ്ഥാനത്ത് ആദ്യമായി കൊവിഡ് പോസിറ്റീവായ യുവതി കുഞ്ഞിന് ജന്മം നൽകിയതും പരിയാരത്തായിരുന്നു.

ഒരേ സമയം യുവതിയുടെയും കുഞ്ഞിന്റെയും ജീവൻ, പ്രസവസംബന്ധമായ സങ്കീർണ്ണത, കൊവിഡ് രോഗമുക്തിക്കായുള്ള ചികിത്സ എന്നിവയെല്ലാം ഒരുമിച്ച് നടത്തുക എന്നത് വെല്ലുവിളിയാണ്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് പോസിറ്റീവായ ഗർഭിണികൾ ചികിത്സ തേടിയ ആശുപത്രികളിലൊന്നാണ് പരിയാരം ഗവ. മെഡിക്കൽ കോളേജ്. കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്നായുള്ള കൊവിഡ് പോസിറ്റീവ് രോഗികളായ ഗർഭിണികളാണ് പരിയാരത്ത് ചികിത്സയ്ക്കെത്തുന്നത്. ഗർഭിണികളായ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

പി.പി.ഇ കിറ്റുൾപ്പെടെയുള്ള സുരക്ഷാമാർഗങ്ങൾ ഉപയോഗിക്കുമ്പോഴും ഗർഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് കൃത്യമായി മനസിലാക്കി ചികിത്സ നൽകുന്നതിനായി അത്യാധുനികമായ ഫീറ്റൽ ഡോപ്ലർ പരിയാരത്ത് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത് കൊവിഡ് ബാധിച്ച ഗർഭിണികൾക്ക് ശരിയായ ചികിത്സ ഉറപ്പാക്കാൻ സഹായിക്കുന്നുണ്ട്.

സൂപ്രണ്ട് ഡോ. കെ. സുദീപ്