salute
ജി.വി ബുക്‌സ് വായനാവേദിയുടെ നേതൃത്വത്തിൽ നടന്ന പൊലീസ് എഴുത്തുകാരുടെ സംഗമം നാർക്കോട്ടിക് സെൽ എ.എസ്.പി രീഷ്മ രമേഷ് ഉദ്ഘാടനം ചെയ്യുന്നു

കതിരൂർ: തങ്ങളിൽ 20 പേർ എഴുതിയ മലയാളത്തിലെ ആദ്യ പൊലീസ് കഥാസമാഹാരമായ സല്യൂട്ടിലെ കഥാകൃത്തുക്കൾ കഥപിറന്ന വഴിപറയാൻ ഒത്തുകൂടി.

സമൂഹത്തിലെ താഴെ തട്ടിലുള്ളവർ മുതൽ ഉന്നത ജീവിതം നയിക്കുന്നവർക്ക് വരെ സന്തോഷത്തിന്റെയും കണ്ണുനീരിന്റേയും നേരനുഭവങ്ങളുമായാണ് പൊലീസ് സ്‌റ്റേഷനിലെത്തുന്നത്. അത് സസൂക്ഷ്മം ശ്രദ്ധിച്ചാൽ തന്നെ കഥയിലേക്കുള്ള വഴിതെളിയും. ചിലരുടേത് അമ്പരപ്പിക്കുന്നതായിരിക്കുന്ന അനുഭവങ്ങളായിരിക്കും. പൊലീസിനോട് മാത്രമായിരിക്കും ആദ്യമായി മനസ്സുതുറന്ന് പങ്കുവെയ്ക്കുന്നത്. പൊലീസുകാർക്ക് ജീവനും ജീവിതവുമുള്ള കഥകൾ പറയാനാവും. സംഘർഷഭരിതമായ തൊഴിലിന്റെ ഇടവേളകളിൽ എഴുതിതീരുമ്പോൾ മനസ്സിന് പറഞ്ഞറിയിക്കാൻ കഴിയാത്ത ആശ്വാസമാണെന്നായിരുന്നു പൊലീസ് കഥാകാരന്മാരുടെ പൊതു അഭിപ്രായം.

ജി.വി ബുക്‌സ് വായനാവേദിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് നാർക്കോട്ടിക് സെൽ എ.എസ്.പി രീഷ്മ രമേഷ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാർക്ക് സല്യൂട്ടിന്റെ കോപ്പി വിതരണവും രീഷ്മ നിർവ്വഹിച്ചു. ബാലസാഹിത്യകാരൻ രാജു കാട്ടുപുനം അധ്യക്ഷത വഹിച്ചു. കേരളകൗമുദി കണ്ണൂർ ബ്യൂറോ ചീഫ് ഒ.സി. മോഹൻരാജ് മുഖ്യാതിഥിയായി. മനുഷ്യപ്പറ്റുള്ള കഥകൾ എന്ന വിഷയത്തെക്കുറിച്ച് ബാലകൃഷ്ണൻ കൊയ്യാൽ പ്രഭാഷണം നടത്തി. ടി.സി.സുധാകരൻ, കെ.വി.രജീഷ്, ജി.വി.ഋഷീന, ജി.വി.രാകേശ് എന്നിവർ സംസാരിച്ചു. കഥാകൃത്തുക്കളായ കെ.ആർ. രജീഷ്, കെ.പി. സതീഷ്, സാജു സാമുവൽ, ടി. വിനോദ് കുമാർ, സുകുമാരൻ കാരാട്ടിൽ, രാധാകൃഷ്ണൻ ആയഞ്ചേരി, പി.ആർ. അനീഷ്, കെ.എം. അനിൽകുമാർ, സുരേശൻ കാനം, ജോഷി എം. തോമസ്, പ്രേമൻ മുചുകുന്ന്, അനൂപ് ഇടവലത്ത്, സി.കെ. സുജിത്ത് എന്നിവർ കഥാനുഭവങ്ങൾ പങ്കുവെച്ചു.

സല്യൂട്ടിൽ എ.ഡി.ജി.പി ബി. സന്ധ്യ ഉൾപ്പെടെ 20 പൊലീസ് സേനാംഗങ്ങളാണ് കഥ എഴുതിയിരിക്കുന്നത്. ഒക്ടോബർ 20-ന് ഭക്ഷ്യസുരക്ഷാ കമ്മിഷണറും എഴുത്തുകാരനുമായ കെ.വി. മോഹൻകുമാർ തിരുവനന്തപുരത്തുനിന്ന് ഓൺലൈനായി സല്യൂട്ട് പ്രകാശനം ചെയ്യും.