തളിപ്പറമ്പ്: ഏരുവേശ്ശി കള്ളവോട്ട് കേസിലെ ഹർജികളിൽ ഇന്ന് തളിപ്പറമ്പ് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി വിധി പറയും. കള്ളവോട്ട് ചെയ്തവർക്ക് എതിരെ പൊലീസ് കേസെടുക്കാത്തതിനാൽ തുടരന്വേഷണം ആവശ്യപ്പെട്ട് ജോസഫ് കൊട്ടുകാപ്പള്ളിയും കേസിൽ നിന്നു തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആരോപണവിധേയരായവരും നൽകിയ ഹർജിയിലാണ് വിധി പറയേണ്ടത്.
2014 ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ ഏരുവേശി കെ.കെ.എൻ.എം.എം യു.പി സ്കൂളിലെ ബൂത്തിൽ കള്ളവോട്ട് നടന്നുവെന്നായിരുന്നു പരാതി. ഏരുവേശി മണ്ഡലം കോൺഗ്രസ് പ്രസിഡന്റായിരുന്ന ജോസഫ് കൊട്ടുകാപ്പള്ളി കുടിയാന്മല പൊലീസിലാണ് ആദ്യം ഇതു സംബന്ധിച്ച് പരാതി നൽകിയകത്.
കേസെടുക്കാൻ കുടിയാന്മല പൊലീസ് തയ്യാറാകാത്തതിനെ തുടർന്ന് ജോസഫ് തളിപ്പറമ്പ് കോടതിയിൽ ഹർജി നൽകുകയായിരുന്നു. കള്ളവോട്ടിന് തെളിവില്ലെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയതോടെ എസ്.ഐ യെ അടക്കം പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് ഹൈക്കോടതിയെ സമീപിച്ചു. മുഴുവൻ രേഖകളും ഹാജരാക്കാൻ അന്നത്തെ ഹൈക്കോടതി ജഡ്ജി ബി. കമാൽ പാഷ കണ്ണൂർ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും 2016 ഫെബ്രുവരിയിൽ നിർദേശം നൽകി.
രേഖകൾ പ്രകാരം മൂന്ന് പട്ടാളക്കാരുടെയും 37 വിദേശത്ത് ജോലി ചെയ്യുന്നവരുടെയും അന്യസംസ്ഥാനത്ത് ജോലി ചെയ്യുന്ന 19 പേരുടെയും കള്ളവോട്ടുകൾ ചെയ്തതായി കണ്ടെത്തി. നിരവധി തവണ കേസ് വിചാരണക്കെടുക്കാതെ മാറ്റിയിരുന്നു.