കണ്ണൂർ:നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളിൽ കൂട്ട നിയമനം നടത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനായി റിയാബ് (പബ്ളിക് സെക്ടർ റീ സ്ട്രക്ചറിംഗ് ആൻഡ് ഇന്റേണൽ ഓഡിറ്റ് ബോർഡ്) ചെയർമാൻ വിളിച്ച ഇന്നത്തെ യോഗം മാറ്റിവച്ചു. സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങളിൽ കൂട്ടനിയമനത്തിന് വഴിയൊരുങ്ങുന്നുവെന്ന് കേരളകൗമുദി വാർത്ത നൽകിയതിന് പിന്നാലെയാണിത്.
റിയാബ് പ്രതിനിധി ചെയർമാന്മാരെ ഫോൺ വഴിയാണ് യോഗം മാറ്റിവെച്ചതായി അറിയിച്ചത്. നിയമന രേഖകൾ എം.ഡിമാരോട് കൊറിയർ ചെയ്യാൻ പറഞ്ഞതായാണ് വിവരം. സ്റ്റാഫ് റിക്രൂട്ട്മെന്റ് റൂൾ കോപ്പി, നിലവിലെ ഒഴിവുള്ള തസ്തികകളുടെ പേര്, എണ്ണം, ശമ്പള സ്കെയിൽ എന്നിവയും 2021 ഡിസംബർ വരെയുള്ള പ്രതീക്ഷിത ഒഴിവുകൾ, ആധുനികവത്കരണം, വികസന പ്രവർത്തന പൂർത്തീകരണം , കപ്പാസിറ്റി വർദ്ധന എന്നിവയാൽ ഉണ്ടാവാൻ സാധ്യതയുള്ള ഒഴിവ് എന്നിവയുടെ പട്ടികയും തരം തിരിച്ച് വ്യവസായ മന്ത്രിയുടെ ആവശ്യപ്രകാരം റിയാബ് ചെയർമാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളാ സ്മാൾ സ്‌കെയിൽ ഇൻഡസ്ട്രീസ് ഡവലപ്‌മെന്റ് കോർപ്പറേഷനിൽ അമ്പതോളം തസ്തികകളിൽ കരാർ നിയമനം നടത്താൻ നീക്കം നടന്നിരുന്നു. മലബാർ സിമന്റ്സിലും പുതിയ നിയമനത്തിന്റെ വിജ്ഞാപനം ഇറങ്ങി. ഡപ്യൂട്ടി ജനറൽ മാനേജർ, മാനേജർ മെറ്റീരിയൽസ്, ഡപ്യൂട്ടി മാനേജർ പ്രൊഡക്ഷൻ, അസി.മാനേജർ മെറ്റീരിയൽസ്, അസി. മാനേജർ പേഴ്സണൽ എന്നിങ്ങനെയാണ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. ഒരുലക്ഷം മുതൽ അരലക്ഷം രൂപവരെയാണ് ശമ്പളം. ടെക്സ്‌റ്റൈൽ കോർപറേഷനു കീഴിലെ സ്പിന്നിംഗ് മില്ലുകളിലേക്കും നിയമനത്തിന് വിജ്ഞാപനം ഇറങ്ങിയിരുന്നു. വ്യവസായ വകുപ്പിനു കീഴിലുള്ള 42 പൊതുമേഖലാ സ്ഥാപനങ്ങളിൽ പകുതിയിലധികവും നഷ്ടത്തിലാണെന്നു നിയമസഭയിൽ വ്യവസായ വകുപ്പ് നൽകിയ കണക്കുകൾ വ്യക്തമാക്കിയതിനു പിന്നാലെയായിരുന്നു നിയമന നടപടികൾ.