kuppi
സതിശങ്കർ കുപ്പികളിൽ വരച്ച ചിത്രങ്ങൾ

മാഹി: മദ്യത്തിന് പേരുകേട്ട മയ്യഴിയിൽ വലിച്ചെറിയുന്ന മദ്യക്കുപ്പികൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. എന്നാൽ മയ്യഴിയുടെ പ്രിയ ചിത്രകാരി സതി ശങ്കർ മനോഹര ചിത്രങ്ങൾ വരച്ച് മയ്യഴിയുടെ പ്രശ്നത്തെ കുപ്പിയിലാക്കിയിരിക്കുകയാണ്.

ഇനാമൽ, അക്രലിക്, ഗ്ലിറ്റർ, മെറ്റൽ, വാർണിഷ് എന്നിവ ഉപയോഗിച്ചാണ് കലൈമാമണി സതീ ശങ്കർ കുപ്പികളിൽ പല തരം രചനകൾ നടത്തുന്നത്. മ്യുറൽ, ജീവജാലങ്ങൾ, ദൈവ രൂപങ്ങൾ, പഴവർഗ്ഗങ്ങൾ എന്നിവ കുപ്പിയുടെ ആകൃതിക്കനുസരിച്ച് വരക്കും. ഇതിനകം നൂറുകണക്കിന് കുപ്പികളിൽ മനോഹര രൂപങ്ങൾ ഇവർ വരച്ചുകഴിഞ്ഞു. കൊവിഡ് കാലമായതിനാൽ സംഭരിച്ചു വെച്ച കുപ്പികളിലെല്ലാം വരച്ചുകഴിഞ്ഞു. ആവശ്യക്കാരും വന്നെത്തുന്നുണ്ട്.
ചുമർചിത്ര രചനയിലും, ലാൻഡ് സ്‌കേപ്പിലും, പോട്രൈറ്റിലും ഒരുപോലെ നിപുണയായ ഇവരുടേത് വലിയൊരു പരിസ്ഥിതി പോരാട്ടം കൂടിയാകുയാണ്. വലിച്ചെറിയുന്ന കുപ്പികൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നത്തെ തന്നാലാവും വിധം മാറ്റിമറിക്കുകയാണിവർ.ആർക്കും മാതൃകയാക്കാവുന്ന നല്ലൊരു പോരാട്ടം.തുണി, ഹാർഡ് ബോർഡ്, ഗ്ലിറ്ററിംഗ് പേപ്പർ, ടിഷ്യു പേപ്പർ, ധാന്യങ്ങൾ എന്നിവ ഉപയോഗിച്ച് അതി മനോഹരമായ കരകൗശല വസ്തുക്കൾ ഇവർ നിർമ്മിക്കുന്നുണ്ട്. രാജ്യത്തിനകത്തും പുറത്തും നിരവധി ചിത്രപ്രദർശനങ്ങൾ നടത്തിയ സതിശങ്കർ

രവിവർമ്മ പുരസ്‌കാരം, പോണ്ടിച്ചേരി സർക്കാരിന്റെ കലൈമാമണി ബഹുമതി, തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾ നേടി ചിത്രകാരിയാണ്.

ചിത്രകലയിൽ മാസ്റ്റർ ബിരുദമുള്ള സതീ ശങ്കർ പുതുച്ചേരി ആർട്ട് സ്‌കൂൾ ഡയറക്ടറും അറിയപ്പെടുന്ന ഫോട്ടോഗ്രാഫറുമാണ്.വർഷം തോറും മയ്യഴി പള്ളി പെരുന്നാളിന് നാടിന്റെ നാനാഭാഗത്തു നിന്നുമെത്തുന്നവരുടെ പോട്രൈറ്റുകൾ ടാഗോർ പാർക്കിൽ വച്ച് നിമിഷങ്ങൾക്കുള്ളിൽ വരയ്ക്കുന്ന പതിവും ഇവർക്കുണ്ട്. തീർത്ഥാടകർക്ക് കൗതുകവും വിസ്മയവുമാണിത്. പെരുന്നാൾ തുടങ്ങിയെങ്കിലും കടുത്ത കൊവിഡ് നിയന്ത്രണളാൽ ഇത്തവണ ഈ കാഴ്ച സന്ദർശകർക്ക് കാണാനാവില്ല.