കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്, കാസർകോട്, കുമ്പള ഭാഗങ്ങളിൽ കടലിൽ രാത്രികാലങ്ങളിൽ അനധികൃതമായി മത്സ്യബന്ധനം നടക്കുന്നു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി.വി സതീശന്റെ നിർദ്ദേശപ്രകാരം ഫിഷറീസ് റെസ്ക്യൂ ബോട്ട് നടത്തിയ പട്രോളിംഗിൽ കർണാടക മലപ്പയിലുള്ള രതി അമ്മ എന്ന ബോട്ട് പിടികൂടി. ഫിഷറീസിന്റെയും നീലേശ്വരം അഴിത്തല കോസ്റ്റൽ, ബേക്കൽ കോസ്റ്റൽ, ഷിറിയ കോസ്റ്റൽ എന്നിവരുടെ സംയുക്ത നീക്കത്തിലാണ് ബോട്ട് പിടികൂടിയത്.

ഫിഷറീസ് സബ് ഇൻസ്പെക്ടർ ജിജോ മോൻ, അഴിത്തല കോസ്റ്റൽ എസ്.ഐ വിക്രമൻ, തളങ്കര കോസ്റ്റൽ എസ്.ഐ രാജീവൻ എന്നിവരുടെ നേതൃത്ത്വത്തിൽ നടന്ന പട്രോളിംഗിൽ ജില്ലയിലെ മൂന്ന് കോസ്റ്റൽ സ്റ്റേഷനിലെ എട്ട് പൊലീസുകാരും പങ്കെടുത്തിരുന്നു. പിടികൂടിയ ബോട്ടിനെതിരെയുള്ള നിയമനടപടികൾ വരും ദിവസങ്ങളിൽ നടത്തുമെന്നും ഇത്തരം മത്സ്യബന്ധനത്തിനെതിരെ വരും ദിവസങ്ങളിൽ ശക്തമായ നടപടി എടുക്കുമെന്നും ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫിഷറീസ് റസ്ക്യൂ ഗാഡ് പി. മനു, ഒ. ധനീഷ്, എം. സനീഷ്, ഡ്രൈവർമാരായ നാരായണൻ, കണ്ണൻ എന്നിവർ പട്രോളിംഗിൽ പങ്കെടുത്തു.