kuttyatoor
കുറ്റ്യാട്ടൂർ മാങ്ങ

കണ്ണൂർ: കണ്ണൂരുകാർക്ക് മാങ്ങയെന്നാൽ കുറ്റ്യാട്ടൂർ കഴിഞ്ഞേയുള്ളൂ. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ 200 ഹെക്ടറിൽ പരന്നു കിടന്നിരുന്ന ആ മാമ്പഴ സമൃദ്ധിക്ക് ഭൗമ സൂചിക രജിസ്ട്രേഷൻ നടപടി അന്തിമഘട്ടത്തിൽ.കേരളത്തിന്റെ കൂടുതൽ കാർഷികോത്പന്നങ്ങൾ ഭൗമ സൂചികാ രജിസ്ട്രിയിൽ ഉൾപ്പെടുത്തുന്നതിനുള്ള ഭാഗമായാണ് കുറ്റ്യാട്ടൂർ മാങ്ങയും എടയൂർ മുളകും ഈ പദവിയുടെ പടിവാതിലിൽ എത്തി നിൽക്കുന്നത്.

ഇവ രജിസ്ട്രിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ പൂർത്തിയായി. കൊവിഡ് അനുബന്ധ പ്രശ്നങ്ങൾ മൂലമാണ് അവസാനവട്ട നടപടികൾ വൈകുന്നത്. ഇതോടൊപ്പം അട്ടപ്പാടിയിൽ നിന്നുള്ള തുവര,അവര തുടങ്ങിയ ഉത്പന്നങ്ങളെയും ഭൗമസൂചികാ രജിസ്റ്ററിൽ ഉൾപ്പെടുത്തുന്നതിനായുള്ള അപേക്ഷ നടപടിയും പൂർത്തിയാക്കി കാർഷിക സർവകലാശാലയുടെ ബൗദ്ധിക സ്വത്താവകാശ സെൽ ജി.ഐ രജിസ്ട്രാർക്ക് സമർപ്പിച്ചുകഴിഞ്ഞു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാങ്ങ ഉൽപാദിപ്പിക്കുന്ന ആന്ധ്രാപ്രദേശിൽ നടത്തിയ ഗവേഷണത്തിലാണ് മാങ്ങയുടെ കൂടുതൽ ഗുണ ഫലങ്ങൾ പുറം ലോകം അറിഞ്ഞത്. കുറ്റ്യാട്ടൂർ ഇനത്തിൽ ഏറ്റവും കൂടുതൽ നാരുകൾ ഉണ്ടെന്നും രുചിയിൽ ഏറെ മുന്നിലാണെന്നും കണ്ടെത്തിയിരുന്നു.ജില്ലയിൽനിന്നുള്ള ഏഴോം നെല്ലിനം ഭൗമസൂചിക പട്ടികയിൽ ഇടംനേടിയതിന് പിന്നാലെയാണ് കുറ്റ്യാട്ടുർ മാങ്ങയും ദേശസൂചിക രജിസ്ട്രേഷനിലേക്ക് കടക്കാൻ പോകുന്നത്.കുറ്റ്യാട്ടൂർ മാങ്ങയുടെ പ്രത്യേകത സംബന്ധിച്ച് ഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന സിവിൽ സൊസൈറ്റി എന്ന ഇംഗ്ലീഷ് മാസികയിൽ ശ്രദ്ധേയ പരാമർശമുണ്ടായിരുന്നു.

പദവി ലഭിച്ചാൽ വിപണി കൂടും

ഈ മാമ്പഴം കുറ്റ്യാട്ടൂർ, കൂടാളി, കുഞ്ഞിമംഗലം, മയ്യിൽ, ആറളം, മുണ്ടേരി എന്നി പഞ്ചായത്തുകളിലായി 350 ഹെക്ടറിൽ സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട് .നമ്പ്യാർ മാങ്ങ എന്നപേരിലും ഈ മാങ്ങ അറിയപ്പെടുന്നുണ്ട്. രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കുന്ന കുറ്റ്യാട്ടൂർ മാങ്ങക്ക് രജിസ്ട്രേഷൻ ലഭിച്ചാൽ മറ്റ് ദേശങ്ങളിലും വിപണി ലഭ്യമാകും. പഞ്ചായത്തിലെ മാങ്ങ കർഷകർക്കാവശ്യമായ സാമ്പത്തിക സഹായവും വർദ്ധിക്കും. ക്ലസ്റ്റർ രൂപീകരിച്ചുള്ള പ്രവർത്തനം വഴി മാങ്ങ ഉത്പാദനത്തിലും വിപണനത്തിലും വൻ കുതിച്ച് ചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്