മാഹി: വിശുദ്ധ അമ്മത്രേസ്യായുടെ തിരുനാൾ മഹോത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ 11 മണിക്ക് ഇടവക വികാരി ഫാ. ഡോ. ജെറോം ചിങ്ങന്തറ കൊടിയേറ്റ് കർമ്മം നിർവഹിക്കും. തുടർന്ന് 12 മണിക്ക് വിശുദ്ധ അമ്മത്രേസ്യായുടെ തിരുസ്വരൂപം രഹസ്യ അറയിൽ നിന്ന് കൊണ്ടുവന്ന് പൊതു വണക്കത്തിനായി ദേവാലയത്തിന്റെ വലതുവശത്ത് പ്രതിഷ്ഠിക്കും. ഈ ചടങ്ങ് നടത്തുന്നത് കോഴിക്കോട് രൂപത മെത്രാൻ ഡോ.വർഗീസ് ചക്കാലക്കൽ പിതാവ് ആയിരിക്കും. 12.30ന് കോഴിക്കോട് രൂപതാ മെത്രാൻ വർഗീസ് ചക്കാലക്കൽ പിതാവിന്റെ നേതൃത്വത്തിൽ ആഘോഷമായ തിരുനാൾ ദിവ്യബലി ഉണ്ടായിരിക്കും. വൈകിട്ട് 6 മണിക്ക് ഉള്ള ദിവ്യബലിക്ക് ഫാ. വിൻസെന്റ് പുളിക്കൽ മുഖ്യകാർമികനായിരിക്കും. തീർത്ഥാടകർക്ക് വിശുദ്ധ അമ്മത്രേസ്യാ യുടെ രൂപം വണങ്ങുവാനും പ്രാർത്ഥിക്കുവാനും ഉള്ള സൗകര്യം തിരുനാൾ ദിനങ്ങളിൽ പൂർണ്ണമായിട്ടും സജ്ജീകരിക്കുന്നതാണ്. കൊവിഡ് 19 പ്രോട്ടോകോളിന്റെ ഭാഗമായി ദേവാലയത്തിന് അകത്ത് 20 പേർക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. സർക്കാറിന്റെയും മാഹി റീജിയണൽ അഡ്മിനിസ്‌ട്രേറ്ററുടെയും നിർദ്ദേശങ്ങൾ കർശനമായിതന്നെ പാലിച്ചുകൊണ്ടാണ് ഈ വർഷം തിരുനാൾ നടത്തപ്പെടുക. എല്ലാവർക്കും തിരുനാൾ തിരുക്കർമ്മങ്ങൾ കാണുവാനായി Theresa Shrine Mahe എന്ന Youtube /facebook ചാനൽ സന്ദർശിക്കുക. തിരുനാളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിക്കുന്നത് ഇടവക വികാരി ഫാ. ജെറോം ചിങ്ങന്തറ, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് അനിൽ, ഡീക്കൻ. ആന്റണി തോമസ്, പാരിഷ് കൌൺസിൽ അംഗങ്ങൾ എന്നിവർ ആയിരിക്കും.