ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന്
തളിപ്പറമ്പ്: താലൂക്ക് ആശുപത്രിക്കായി നിർമ്മിച്ച പുതിയ മെറ്റേർണിറ്റി ബ്ലോക്കിന്റെയും നവീകരിച്ച അത്യാഹിത വിഭാഗത്തിന്റെയും ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. ജെയിംസ് മാത്യു എം.എൽ.എ അദ്ധ്യക്ഷനാകും.
തളിപ്പറമ്പിലെയും പരിസരപ്രദേശങ്ങളിലെയും അമ്മമാരുടെയും കുട്ടികളുടെയും മികച്ച രീതിയിലുള്ള ആരോഗ്യസംരക്ഷണം എന്ന ലക്ഷ്യത്തോടെയാണ് ആശുപത്രിക്കായി മെറ്റേർണിറ്റി ബ്ലോക്ക് അനുവദിച്ചത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു നിർമ്മാണ പ്രവർത്തനങ്ങൾ.
1.30 കോടി രൂപ എൻ.എച്ച്.എമ്മിൽ നിന്നും 35 ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽ നിന്നും ഉപയോഗിച്ചാണ് ആവശ്യമായ ഉപകരണങ്ങൾ സജ്ജീകരിച്ചത്. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ 34.17 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക രീതിയിലുള്ള എമർജൻസി വിഭാഗവും 15.46 ലക്ഷം രൂപയുടെ ഉപകരണങ്ങളും ലഭ്യമാക്കിയിട്ടുള്ളത്. മലയോരമേഖല ഉൾപ്പെടെ സമീപ പഞ്ചായത്തുകളിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ പ്രധാന ആശ്രയമാണ് തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി.
1. 5377 ചതുരശ്ര അടി വിസ്തീർണത്തിൽ അഞ്ച് നിലകൾ
2. ഒ.പി, ലേബർ റൂം, ഓപ്പറേഷൻ തിയേറ്റർ, വാർഡുകൾ, ഐ.സി.യു
3. വിശാലമായ കാത്തിരിപ്പ് സൗകര്യം, ഫാർമസി, സ്റ്റോർ, ലാബ്
4. അൾട്രാസൗണ്ട് സ്‌കാനിംഗ്, സെൻട്രലൈസ്ഡ് ഓക്സിജൻ
5. ബയോമെഡിക്കൽ വേസ്റ്റ് റൂം
6. ആറ് കിടക്കകളുള്ള നിരീക്ഷണ മുറി, മൈനർ ഓപ്പറേഷൻ തിയേറ്റർ
7. ഫാർമസി, പ്ലാസ്റ്റർ റൂം, സ്റ്റോർ, കൂട്ടിരിപ്പുകാർക്കുള്ള വെയിറ്റിംഗ് ഏരിയ
11 ഓളം സ്‌പെഷ്യാലിറ്റി യൂണിറ്റുകൾ
1912ൽ ഡിസ്‌പെൻസറിയായാണ് ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. 1965ൽ ഗവ. ആശുപത്രിയായും 2004 ൽ ഫസ്റ്റ് റഫറൽ യൂണിറ്റായും ഉയർത്തപ്പെട്ടു. ജനറൽ മെഡിസിൻ, എല്ല് രോഗം, ജനറൽ സർജറി, ഗൈനക്കോളജി, മാനസികാരോഗ്യം, ഇ.എൻ.ടി, കുട്ടികളുടെ വിഭാഗം തുടങ്ങി 11 ഓളം സ്‌പെഷ്യാലിറ്റി യൂണിറ്റുകൾ നിലവിൽ ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്.