കണ്ണൂർ: കറുപ്പിന് അഴക് എഴെന്നല്ല, അത് തെളിയിച്ച് കറുപ്പിന്റെ ബ്രാൻഡ് അംബാസിഡറായി ജീവിക്കുകയാണ് ചന്ദ്രൻ എന്ന ഫോട്ടോഗ്രാഫർ. ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രമെടുപ്പ് തൊഴിലായി തുടങ്ങിയ ഇദ്ദേഹത്തെ കഴിഞ്ഞ 30 വർഷമായി കറുപ്പ് ഷർട്ട് ഇട്ട് മാത്രമാണ് കണ്ടിട്ടുള്ളത്. കറുത്ത കരയൻ മുണ്ടും കറുത്ത വാറുള്ള ഹായ് ചെരിപ്പുമെല്ലാമായി സർവത്ര കറുപ്പുമയം തന്നെ.
കറുപ്പ് ഷർട്ടിട്ട് നടക്കുന്നത് ആരോടുമുള്ള പ്രതികാരം കൊണ്ടല്ല , ഇഷ്ടം കൊണ്ടാണ്. താനണിയുന്ന കറുപ്പ് നിരാശയുടെയോ ദു:ഖത്തിന്റെയോ പ്രതീകമല്ലെന്ന് ചന്ദ്രൻ പറയുന്നു.കണ്ണൂരിന്റെ ഫോട്ടോഗ്രാഫി ചരിത്രം അടയാളപ്പെടുത്തുന്ന കാനന്നൂർ സ്റ്റുഡിയോ ഉടമയായിരുന്ന കരിവെള്ളൂർ ആണൂരിലെ പൊന്ന്യത്ത് ഗോപാലന്റെ പാത പിന്തുടർന്നാണ് അമ്പത്തിയഞ്ചുകാരനായ ഈ പെരളശ്ശേരി സ്വദേശി കറുപ്പും വെളുപ്പും നിറഞ്ഞ ഫോട്ടോഗ്രാഫിയുടെ ലോകത്തേക്ക് കടന്നുവന്നത്. പൊന്ന്യത്ത് ഗോപാലന്റെ കാലത്ത് കെട്ടിടത്തിന് മുകളിൽ ഓടിൽ ദ്വാരമിട്ട് ഡാർക്ക് റൂമിലേക്ക് പ്രകാശം കടത്തി വിട്ടായിരുന്നു ചിത്രത്തിന് ജീവൻ നൽകിയിരുന്നത്. വൈദ്യുതി സാർവ്വത്രികമായതോടെ പണി കുറച്ചുകൂടി എളുപ്പമായി. ഫോട്ടോഗ്രാഫി പഠിച്ചു തുടങ്ങിയ കാലത്തെ തുടങ്ങിയതാണ് കറുപ്പും വെളുപ്പും ചേരുന്ന രൂപഭംഗികളോടുള്ള ഇഷ്ടമെന്ന് ചന്ദ്രൻ പറയുന്നു. പിന്നെ പിന്നെ കഴുകിയെടുക്കുന്ന ഫിലിം റോളുകൾ വരാതെയായി. ഡാർക്ക് റൂമിന്റെ വാതിലുകൾ എന്നന്നെയ്ക്കുമായി അടഞ്ഞു. ഇരുണ്ട മുറിയിൽ പ്രധാനമായും ഉപയോഗിച്ചിരുന്ന എൻലാർജർ വിസ്മൃതിയിലായി. ബ്രോമേഡും പൊട്ടാസ്യം സൾഫേറ്റും ഹൈഡ്രോകെലിബോക്സുമൊക്കെ സ്റ്റുഡിയോവിൽനിന്ന് പടിയിറങ്ങി.
ഡിജിറ്റൽ കാമറകളും മൊബൈൽ കാമറകളും രംഗം പിടിച്ചതോടെ ഫോട്ടോയെടുപ്പ് ഉപജീവനമാക്കിയവരിൽ പലരും പെരുവഴിയിലായി. അംഗപരിമിതനായിട്ടും ഈ സാഹചര്യത്തിൽ പിടിച്ചു നിൽക്കുന്നുണ്ട് ഇദ്ദേഹം. ബ്‌ളാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫി കാലം ഇനി തിരിച്ചു വരില്ലെന്ന് ഇദ്ദേഹത്തിന് നന്നായി അറിയാം. പക്ഷെ കളർ ചിത്രങ്ങൾക്കും സൗന്ദര്യമേകണമെങ്കിൽ കറുപ്പ് തന്നെ വേണമെന്ന് പറഞ്ഞ് തന്റെ ഇഷ്ടത്തെ സമർത്ഥിക്കും. പെരളശ്ശേരിയിലെ പരേതനായ നാണു, കാർത്യായനി ദമ്പതികളുടെ മകനാണ് കറുപ്പിന്റെ തോഴനായ ചന്ദ്രൻ.