കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജില്ലയിലും ഇടതുമുന്നണിയുമായി സഹകരിച്ച് മത്സരിക്കാൻ കേരള കോൺഗ്രസ് ജോസ് വിഭാഗം തയ്യാറെടുപ്പ് ആരംഭിച്ചു. സംസ്ഥാന തലത്തിൽനിന്നുള്ള നിർദ്ദേശത്തെ തുടർന്ന് കഴിഞ്ഞദിവസം ജോസ് വിഭാഗം ചെറുപുഴയിൽ യോഗം ചേർന്ന് ഇക്കാര്യം അംഗീകരിച്ചു. സി.പി.എം സംസ്ഥാന നേതൃത്വവും ഇതുസംബന്ധിച്ച് ജില്ലാ ഘടകവുമായി ആശയ വിനിമയം നടത്തിയിട്ടുണ്ട്.
നിലവിൽ ചെറുപുഴ, ആലക്കോട് പഞ്ചായത്തുകളിൽ ജോസ് പക്ഷത്തിന് 2 വീതം സീറ്റുകളുണ്ട്. രണ്ട് പഞ്ചായത്തുകളിലും വൈസ് പ്രസിഡന്റുമാർ ജോസ് പക്ഷക്കാരാണ്. മാത്രമല്ല ചെറുപുഴ പഞ്ചായത്തിൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും ജോസ് പക്ഷത്താണ്. ജില്ലാ പഞ്ചായത്തിലും കേരള കോൺഗ്രസിന് പ്രാതിനിധ്യമുണ്ട്.
ജോസ് പക്ഷത്തെ കളത്തിലിറക്കി മലയോരത്ത് യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകൾ പിടിച്ചെടുക്കാനുള്ള ശ്രമമായിരിക്കും സി.പി.എം നടത്തുക. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജോസ് പക്ഷം കാട്ടുന്ന കരുത്ത് അനുസരിച്ചായിരിക്കും ഇവരുടെ മുന്നണി പ്രവേശന കാര്യത്തിൽ തീരുമാനമുണ്ടാവുകയെന്നും നേതാക്കൾ വ്യക്തമാക്കുന്നുണ്ട്.
എന്നാൽ, ഈ കൂട്ടുകെട്ട് തങ്ങളെ ബാധിക്കില്ലെന്ന പ്രതീക്ഷയിൽ തന്നെയാണ് യു.ഡി.എഫ്. ജോസ് പക്ഷത്തെ അണികൾ സി.പി.എമ്മുമായുള്ള കൂട്ടുകെട്ട് അംഗീകരിക്കില്ലെന്നാണ് ഇവരുടെ വാദം. കെ.എം. മാണിയോട് സി.പി.എം സ്വീകരിച്ച നിലപാടിൽ കടുത്ത അമർഷമുള്ളവരാണ് മലയോരത്തെ പാർട്ടി പ്രവർത്തകരിൽ ഭൂരിഭാഗവുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. വോട്ട് ഏതുഭാഗത്ത് പോകുമെന്ന് അറിയാൻ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കേണ്ടിവരും. മലയോര മേഖലയിൽ സി.പി.എം നേരത്തെ കെ.എം മാണിക്കെതിരെ ശക്തമായ രാഷ്ട്രീയ പ്രചരണം തന്നെ നടത്തിയിരുന്നു.
മലയോര മേഖലയിൽ പഞ്ചായത്ത് തലത്തിൽ 50 വാർഡുകളിലും ജില്ലാ പഞ്ചായത്തിൽ രണ്ട് ഡിവിഷനുകളിലും പാർട്ടി എൽ.ഡി.എഫുമായി ചേർന്ന് മത്സരിക്കും. ബ്ളോക്ക് പഞ്ചായത്ത് നറുക്കെടുപ്പ് കഴിയുന്ന മുറയ്ക്ക് ഇതിലും ധാരണയുണ്ടാക്കും.
ജോയി കൊന്നക്കൽ, ജോസ് വിഭാഗം ജില്ലാ പ്രസിഡന്റ്