തൃക്കരിപ്പൂർ: സുരക്ഷാ ആശങ്ക കാരണം നിർമ്മാണത്തിനിടയിൽ ഉപേക്ഷിച്ച പടന്ന കടപ്പുറം- തെക്കേക്കാട് തൂക്കുപാലത്തിനു പകരമായി പാലം നിർമ്മിക്കുന്നതിനുള്ള പദ്ധതികൾ ആരംഭിക്കുമെന്ന് എം. രാജഗോപാലൻ എം.എൽ.എ അറിയിച്ചത് തീരദേശ വാസികളിൽ പ്രതീക്ഷ വളർത്തുന്നു. നാട്ടുകാരുടെയും രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ നൽകിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ പദ്ധതി സർക്കാരിന്റെ സജീവ പരിഗണനയിൽ ഉണ്ടെന്നും കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി യാത്രാ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും എം.എൽ എ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെക്കേകാട്ടിലെ പാതിവഴിയിൽ ഉപേക്ഷിച്ച തൂക്കുപാലം പ്രദേശം സന്ദർശിച്ച ശേഷമാണ് എം.എൽ.എ പ്രതികരിച്ചത്. തൂക്കുപാലം ഉപേക്ഷിച്ച സ്ഥലത്ത് റോഡ് പാലം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിർദ്ദിഷ്ട സൈറ്റിൽ വലിയപറമ്പ് പഞ്ചായത്തിലേക്ക് ചെറുവാഹനങ്ങളെങ്കിലും കടന്നു പോകാൻ തക്ക വീതിയിലുളള നടപ്പാലമെങ്കിലും അനുവദിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഉദ്ഘാടനം കഴിഞ്ഞ് രണ്ടു മാസങ്ങൾ പൂർത്തിയാകുന്നതിന് മുമ്പായി മാടക്കാൽ തൂക്കുപാലം തകർന്നതാണ്, ഒരുമിച്ച് നിർമ്മാണം തുടങ്ങിയ തെക്കേക്കാട് തൂക്കുപാലം നിർമ്മാണം ഉപേക്ഷിക്കാൻ ഇടയാക്കിയത്. ഇരുകരകളിലും കൂറ്റൻ പില്ലറുകൾ പൂർത്തിയായിരുന്നുവെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. എം.എൽ.എ യോടൊപ്പം പടന്ന കടപ്പുറം വികസന സമിതി ചെയർമാൻ സി. നാരായണൻ, വി.എം ബാലൻ, പി. ശ്യാമള, പഞ്ചായത്ത് അംഗം കെ.കെ. മുഹമ്മദ് കുഞ്ഞി, കെ. ദാമോദരൻ, കെ. അനിൽ കുമാർ എന്നിവരും സ്ഥലം സന്ദർശിച്ചു.