
പദ്ധതിയിലേക്ക് സഹായം തേടിയെത്തിയത് 300 പേർ
കണ്ണൂർ:കൊവിഡ് പശ്ചാത്തലത്തിൽ കേരള പൊലീസ് രൂപീകരിച്ച ചിരി പദ്ധതി ലോക്ക് ഡൗണിലും തുടർന്നും വീടുകളിൽ അകപ്പെട്ട കുട്ടികൾക്ക് താങ്ങാവുന്നു. വിവിധ പ്രശ്നങ്ങളിൽ പെട്ട് പരിഹാരം തേടി ഏകദേശം 300 ന് മുകളിൽ ഫോൺ വിളികളാണ് ജില്ലയിൽ ഇതിനോടകം വന്നതെന്ന് അധികൃതർ പറഞ്ഞു.
അമിത ഇന്റർ നെറ്റ് ഉപയോഗവും പരിധിയില്ലാത്ത ഫ്രീ ഫയർ, കാൾ ഓഫ് ഡ്യൂട്ടി എന്നീ കളികളും കൊണ്ട് അപകടത്തിലായ കുട്ടികളുടെ രക്ഷിതാക്കളാണ് ചിരിയെ കൂടുതലായും സമീപിച്ചിരിക്കുന്നത്.മൂന്നാം ക്ലാസ് മുതൽ കോളേജ് വിദ്യാർത്ഥികൾ വരെ ഇക്കൂട്ടത്തിലുണ്ടെന്നാണ് ചിരിയിലെ കൗൺസിലർമാർ പറയുന്നത്.പബ്ജി നിരോധിച്ചത് പലരെയും മാനസികമായി തകർത്തിരുന്നെങ്കിലും ഇതിന്റെ കൊറിയൻ വേർഷനാണ് പലർക്കും ആശ്വാസമായി.
ഉൗണും ഉറക്കവും ഉപേക്ഷിച്ച് ഗെയിമും ഇന്റർനെറ്റും ഉപയോഗിക്കുന്ന കുട്ടികളിൽ അമിത ദേഷ്യവും വിലക്കിയാൽ ആത്മഹത്യാ പ്രവണത വരെ കണ്ടു വരുന്നുണ്ട്.വീടുകളിൽ രക്ഷിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങളും കുട്ടികളെ സാരമായി ബാധിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾ പറഞ്ഞ് വിളിക്കുന്നവർക്ക് ആവശ്യമായ മാനസികവും ശാരീരികവും ആയ പിന്തുണ നൽകുകയും തുടർച്ചയായി വിളിച്ച് ഇവരെ പ്രശ്നത്തിൽ നിന്ന് മുക്തരാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
36മണിക്കൂർ ഗെയിം; പരീക്ഷാദിനം മറന്നു
അടുത്തിടെ ഒരു വിദ്യാർത്ഥി 36 മണിക്കൂർ തുടർച്ചയായി ഗെയിം കളിച്ച് എൻജിനീയറിംഗ് പരീക്ഷ പോലും മറന്ന അനുഭവം ചിരിയിലെ കൗൺസിലർമാർ വിവരിച്ചു.ക്ലാസുകൾ ഒാൺലൈൻ ആയതോടെ മിക്ക കുട്ടികൾക്കും സ്വന്തമായി ഫോൺ ലഭിച്ചു.എന്നാൽ രക്ഷിതാക്കളുടെ ജാഗ്രത കുറവ് കുട്ടികളിൽ മൊബൈൽ ഫോൺ ,ഇന്റർ നെറ്റ് എന്നിവയുടെ ദുരുപയോഗത്തിന് കാരണമാകുന്നുണ്ട്.ഒാൺ ലൈൻ ക്ലാസ് കഴിഞ്ഞാലും മിക്ക കുട്ടികളും ഗെയിം,വാട്സ് അപ്പ്,യു ട്യൂബ് തുടങ്ങി .ജോലിക്ക് പോകുന്ന രക്ഷിതാക്കൾ കൂടിയാണെങ്കിൽ കുട്ടികൾക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത സ്ഥിതിയാണ്.അനാവശ്യ മെസെജ് ,ഫോൺ വിളികൾ തുടങ്ങിയവ പല കുട്ടികളിലും കണ്ടു വന്നതായും അധികൃതർ പറഞ്ഞു.
അമിത ഇന്റർ നെറ്റ് ഉപയോഗവും പരിധിയില്ലാത്ത പബ്ജി ഗെയിമും ഇന്ന് കുട്ടികളുടെയും കോളേജ് വിദ്യാത്ഥികളുടെയും പ്രധാന പ്രശ്നമായി മാറി കൊണ്ടിരിക്കുകയാണ്.വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും എന്ത് പ്രശ്നവും ചിരി ഹെൽപ്പ് ലൈനിൽ വിളിച്ച് അറിയിക്കാം..പദ്ധതിയിലൂടെ നിരവധി കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ കൗൺസിലിംഗ് നൽകുന്നുണ്ട്
ഡോ.സുധാകരൻ കല്ല്യാത്ത് ,ചിരി കൗൺസിലർ,കണ്ണൂർ