കാഞ്ഞങ്ങാട്: നഗരസഭ പരിധിയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണവും ജാഗ്രതയും പുലർത്താൻ നഗരസഭ കൊവിഡ് ജാഗ്രത സമിതി യോഗം തീരുമാനിച്ചു. വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെയാക്കാനും ഹോട്ടലുകൾ റസ്റ്റോറ്റന്റുകളിൽ ഒരു സമയം 5 പേരെ മാത്രം ഇരുത്തി ഭക്ഷണം നൽകാനും വൈകുന്നേരം 6 മണിക്ക് ശേഷം പാഴ്‌സൺ നൽകാൻ മാത്രം അനുവാദവും നൽകും. ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്താനും യോഗം തീരുമാനിച്ചു.
കോട്ടച്ചേരി മത്സ്യ മാർക്കറ്റ് പരീക്ഷണാടിസ്ഥാനത്തിൽ ഒന്നിടവിട ദിവസങ്ങളിൽ തുറക്കാനും മൊത്ത വിതരണം രാവിലെ 10 മണിക്കുള്ളിൽ അവസാനിപ്പിക്കാനും അതിനു വേണ്ടി മത്സ്യ മാർക്കറ്റ് കമ്മിറ്റി ചേരാനും തീരുമാനിച്ചു. യോഗത്തിൽ നഗരസഭ ചെയർമാൻ വി.വി രമേശൻ അദ്ധ്യക്ഷനായി. ആരോഗ്യസ്ഥിരം സമിതി ചെയർമാൻ എം.പി.ജാഫർ, ഹൊസ്ദുർഗ് സബ് ഇൻസ്‌പെക്ടർ ഉണ്ണികൃഷ്ണൻ പി, കൗൺസിലർ കെ. മുഹമ്മദ്കുഞ്ഞി, നഗരസഭ സെക്രട്ടറി എം.കെ ഗിരീഷ്, വില്ലേജ് ഓഫീസർമാരായ അബ്ദുൾ സലാം, ഷിജു എന്നിവർ പങ്കെടുത്തു.