കാഞ്ഞങ്ങാട്: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം നാൾക്കു നാൾ വർദ്ധിച്ചു കൊണ്ടിരിക്കുമ്പോഴും മതിയായ ചികിത്സ ഉറപ്പാക്കി ആരോഗ്യവകുപ്പ്. ഇതിനകം കൊവിഡ് ആശുപത്രിയായി മാറിയ ജില്ലാ ആശുപത്രിയിൽ രോഗം ബാധിച്ച് അത്യാസന്ന നിലയിലുള്ള രോഗികളെയാണ് പാർപ്പിക്കുന്നത്. ഇവിടെ കഴിഞ്ഞ ദിവസങ്ങളിൽ 16 രോഗികളെയാണ് പാർപ്പിച്ചിട്ടുള്ളത്. നൂറുപേരെയെങ്കിലും കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്.

പടന്നക്കാട് പഴയ കേന്ദ്ര സർവ്വകലാശാല ക്യാമ്പസിൽ മാത്രമാണ് രോഗികൾ ബെഡിനു കണക്കായി ഉള്ളത്. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളായ കാർഷിക കോളേജ് ,ഗുരുവനത്തെ കേന്ദ്രീയ വിദ്യാലയം എന്നിവിടങ്ങളിൽ ഇനിയും രോഗികളെ പ്രവേശിപ്പിക്കാനുള്ള സൗകര്യമുണ്ട്. ഉക്കിനടുക്കയിലെ മെഡിക്കൽ കോളേജിൽ കിടക്കകൾക്ക് സമമായി രോഗികളുണ്ട്. നിലവിൽ 3476 ആണ് ജില്ലയിലെ രോഗികളുടെ കണക്ക്. ഇതിൽ 2127 പേർ വീടുകളിൽ ചികിത്സയിലാണ്. 114 പേർ കണ്ണൂർ മെഡിക്കൽ കോളേജിലുണ്ട്. 26 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. പുതുതായി വരുന്ന രോഗികൾക്ക് മതിയായ ചികിത്സ ഉറപ്പാക്കുന്നുണ്ടെന്ന് ഡി.എം.ഒ ഡോ. രാംദാസ് പറഞ്ഞു.

പോസ്റ്റ് മോർട്ടം ജനറൽ ആശുപത്രിയിൽ മാത്രം
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കൊവിഡ് ആശുപത്രി ആയതോടെ പോസ്റ്റ് മോർട്ടം കാസർകോട് ജനറൽ ആശുപത്രിയിൽ മാത്രമായി. കാഞ്ഞങ്ങാട് പൊലീസ് സബ്ഡിവിഷൻ പരിധിയിൽ എവിടെ അസ്വാഭാവിക മരണം ഉണ്ടായാലും മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്‌മോർട്ടത്തിന് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകണം. കാഞ്ഞങ്ങാട്ട് ഇന്നലെ ട്രെയിൻ കറി മരിച്ച കുശാൽനഗറിലെ ആനന്ദകൃഷ്ണന്റെ മൃതദേഹവും കാസർകോട്ടേക്കാണ് കൊണ്ടുപോയത്. പൊലീസിനിത് ഇരട്ടിപണിയാണെന്ന് ഹൊസ്ദുർഗ് എസ്.ഐ കെ.പി വിനോദ്കുമാർ പറയുന്നു.