തില്ലങ്കേരി(മട്ടന്നൂർ): വാർത്തകളും പരിപാടികളും കേൾക്കാൻ മാത്രമല്ല റേഡിയോയെന്ന് തില്ലങ്കേരിയിലെ ഒരു കൂട്ടം കർഷകരെങ്കിലും പറയും. തില്ലങ്കേരി പാലോറ പാടശേഖര സമിതിയിലെ കർഷകർ റേഡിയോ ഉപയോഗിച്ച് കാട്ടുപന്നികൾ കൃഷിയിടത്തിലിറങ്ങുന്നത് തടയുകയാണ്.
ഗ്രാമ -നഗര വ്യത്യാസമില്ലാതെ നെല്ല്, മരച്ചീനി, ചേന, ചേമ്പ് തുടങ്ങിയ കാർഷിക വിളകൾ കാട്ടുപന്നികളിറങ്ങി നശിപ്പിക്കുന്നത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കാർഷികവിളകൾ സംരക്ഷിക്കാൻ വേലിയടക്കമുള്ള എല്ലാ പ്രതിരോധ മാർഗ്ഗങ്ങളും പരീക്ഷിച്ചിട്ടും ഫലമില്ലാതായതോടെയാണ് തില്ലങ്കേരി പാലോറ പാട ശേഖര സമിതിയിലെ കർഷകർ കാട്ടുപന്നികളെ തുരത്താൻ പുതുവഴി പരീക്ഷിച്ചത്.
പാടശേഖരത്തിലെ നെൽവയലിന് നടുവിൽ ഒരു കുട സ്ഥാപിച്ച് അതിൽ രാത്രി പത്തു മണിയോടെ റേഡിയോ ഓൺ ചെയ്ത് വച്ച് ഉച്ചത്തിൽ പാട്ടു വയ്ക്കും. രാവിലെ ആറിന് ഓഫ് ചെയ്യും. കൃഷിയിടത്തിലേക്ക് എത്തുന്ന കാട്ടുപന്നികൾ പാട്ട് കേട്ട് വയലിൽ ആളുണ്ടെന്നു കരുതി വന്ന വഴി തിരിച്ചു പോകും.
റേഡിയോ വയലിൽ സ്ഥാപിച്ചതോടെ പന്നി ശല്യത്തിൽ വലിയ കുറവുണ്ടായിട്ടുണ്ടെന്നാണ് പാടശേഖര സമിതി സെക്രട്ടറി വാഴയിൽ ഗോവിന്ദൻ സാക്ഷ്യപ്പെടുത്തുന്നത്. പരിപാടി വിജയം കണ്ടതോടെ പ്രദേശത്തെ മറ്റ് കൃഷിയിടങ്ങളിൽ കൂടി റേഡിയോ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് തില്ലങ്കേരിയിലെ കർഷകർ.