തലശ്ശേരി: ചൊക്ളി ഒളവിലം തൃക്കണ്ണാപുരത്ത് സി.പി.എം- ബി.ജെ.പി സംഘർഷത്തിൽ മൂന്ന് വീടുകൾക്ക് നേരെ അക്രമം. സി.പി.എം പ്രവർത്തകനെ വീട്ടിൽ കയറി ഭീക്ഷണിപ്പെടുത്തിയതായി പരാതി. ബി.ജെ.പി പ്രവർത്തകനായ വലിയ പറമ്പത്ത് എം.പി.പ്രേമനെ (55) വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ എട്ട് സി.പി.എം പ്രവർത്തകർക്കെതിരെ വധശ്രമക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. മൂന്ന് പേരെ ചൊക്ലി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സി.പി.എം പ്രവർത്തകരായ കാട്ടിൽ പറമ്പത്ത് ശ്രിബിൻ (30), വണ്ണാന്റെ കാട്ടിൽ ശ്രീനേഷ് (33), വാതുക്കൽ പറമ്പത്ത് സനേഷ് (33) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി പത്ത് മണിയോടെ സി.പി.എം നാരായണൻ പറമ്പ് ബ്രാഞ്ചംഗം കുയ്യാലക്കണ്ടി കെ.കെ. സനേഷിന്റെ വീട്ടിന് നേരെ അക്രമമുണ്ടായി. വീട്ടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയും മുറ്റത്തെ ചെടിച്ചട്ടികളും പിറകുവശത്ത് സൂക്ഷിച്ച വീട്ടുപകരണങ്ങളും എറിഞ്ഞുടയ്ക്കുകയുമായിരുന്നു. ഒന്തത്തുംകാട് ബ്രാഞ്ചംഗം നിഖിലിന്റെ വീട്ടിൽ മാരകായുധങ്ങളുമായി അതിക്രമിച്ചു കടന്ന് ആറംഗ സംഘം വധഭീക്ഷണി മുഴക്കിയെന്നും പരാതിയുണ്ട്.
യുവമോർച്ച തലശേരി മണ്ഡലം സെക്രട്ടറി പുത്തൻപുരയിൽ ശരൺ, ആർ.എസ്.എസ് ശാഖാ മുഖ്യശിക്ഷക് അർജുൻ എന്നിവരുടെ വീടുകൾക്ക് നേരെയാണ് ഞായറാഴ്ച അർദ്ധരാത്രിയോടെ അക്രമമുണ്ടായത്.