തലശ്ശേരി: മയ്യഴിപ്പുഴയുടെ ഇരുകരകളും വിനോദ സഞ്ചാര ഭൂപടത്തിൽ ഇടംനേടുന്നു. മയ്യഴിയിൽ, മഞ്ചക്കൽ ബോട്ട് ഹൗസ് മുതൽ മാഹി പാലവും, മൂപ്പൻ കുന്നും, തുറമുഖവും കടന്ന് പുലിമുട്ടിലൂടെ കടലിൽ ഒരുകിലോമീറ്റർ ദൈർഘ്യം വരെ, മൂന്ന് കി.മി. ദൂരത്തിൽ പുഴയോര നടപ്പാത യാഥാർത്ഥ്യമായി വരികയാണ്.
മറുതീരത്ത് കേരളക്കരയിലെ പെരിങ്ങാടി ഭാഗത്ത് ജില്ലാ പഞ്ചായത്ത് രണ്ട് കോടി രൂപ ചെലവിൽ കുട്ടികൾക്കും വയോജനങ്ങൾക്കും വേണ്ടി അതിമനോഹരവും നൂതനവുമായ ഉദ്യാന വിനോദകേന്ദ്രം ഒരുക്കി. കുട്ടികളേയും വയോജനങ്ങളെയും ഉൾക്കൊണ്ടാണ് കേരളീയ വാസ്തുശിൽപ്പ മാതൃകയിൽ ഈ ഉദ്യാനം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. മെയിൻ റോഡിലെ കമനീയമായ കവാടം തന്നെ വിസ്മയകരമാണ്.
തടാകസമാനമായ വിശാലമായ കുളം ആരേയും ആകർഷിക്കും. പുൽമേടുകളും, പൂന്തോട്ടങ്ങളും ആരുടേയും മനംകവരും.
പുഴ സഞ്ചാരത്തിന് വഴിയൊരുക്കി ഇതിനോട് ചേർന്ന് ബോട്ട് ജെട്ടിയുടെ നിർമ്മാണവും നടന്നുവരുന്നുണ്ട്. ശിൽപ്പി ബാലൻ താനൂരാണ് ഉദ്യാനത്തിന് രൂപകൽപനയും നിർമ്മാണ മേൽനോട്ടവും നിർവഹിക്കുന്നത്. അടുത്ത മാസം പകുതിയോടെ ഉദ്യാനം നാടിന് സമർപ്പിക്കും.
പ്രകൃതിയോട് ഇണങ്ങി
നേരത്തെ ഉണ്ടായിരുന്ന വൻമരങ്ങളെയെല്ലാം നിലനിർത്തിക്കൊണ്ടു തന്നെ അവയ്ക്ക് ചുറ്റിലും പലതരത്തിലുള്ള ഇരിപ്പിടങ്ങൾ. ഒരു മിനി അമ്യൂസ്‌മെന്റ് പാർക്കിലെ സജ്ജീകരണങ്ങളൊക്കെ ഇവിടെയുണ്ട്. രാത്രികാലങ്ങളിൽ പുഴയിലെ ഓളങ്ങൾക്ക് വർണ്ണാഭമായ പ്രതിബിംബം പകരുന്ന അലങ്കാര ദീപങ്ങൾ ഒരുക്കിയിട്ടുണ്ട്. കേരളീയ വാസ്തുകലയുടെ മനോഹാരിത തുടിച്ചുനിൽക്കുന്ന ഓപ്പൺ എയർസ്റ്റേജും. മൂന്ന് പവലിയനുകളും ഈ കുളിരാർന്ന തീരത്തിന് അനുഭൂതിയേകുന്നു.