
കാസർകോട് :കാസർകോട് നഗര മധ്യത്തിൽ നിന്ന് വൻ ചന്ദന ശേഖരം പിടികൂടി. മാർക്കറ്റിൽ രണ്ടര കോടി രൂപ വിലമതിക്കുന്ന ചന്ദനം മുട്ടികളാണ് അതീവ രഹസ്യമായി ലോറിയിൽ കടത്താനുള്ള ശ്രമത്തിനിടെ പിടിയിലായത്. ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബുവിന്റെ ഗൺമാൻ നീലേശ്വരം ചേടീറോഡ് സ്വദേശി എൽ.ആർ ദിലീഷ് കുമാർ, കളക്ടറുടെ ഡ്രൈവർ വെള്ളരിക്കുണ്ട് സ്വദേശി ശ്രീജിത്ത് പൊതുവാൾ എന്നിവരാണ് ചൊവ്വാഴ്ച പുലർച്ചെ നാലര മണിയോടെ സാഹസികമായി ചന്ദന ശേഖരം പിടിച്ചത്. വിവരം അറിയിച്ചത് പ്രകാരം കളക്ടറും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. കളക്ടറുടെ വസതിക്ക് 100 മീറ്റർ അകലെയുള്ള അബ്ദുൽ ഖാദർ എന്നയാളുടെ വീട്ടിലെ അടുക്കളയോട് ചേർന്നുള്ള കെട്ടിടത്തിൽ നിന്നാണ് ചന്ദന മുട്ടികൾ പിടിച്ചത്. ജില്ലാ പൊലീസ് ചീഫ്, ജഡ്ജി എന്നിവരുടെ വസതികളും ഇതിന് തൊട്ടടുത്താണ്. പുലർച്ചെ പ്രഭാത നടത്തത്തിനിടയിലാണ് ഗൺമാനും ഡ്രൈവറും അബ്ദുൽ ഖാദറുടെ വീട്ടിൽ നിന്ന് ശബ്ദം കേട്ടത്. ഖാദർച്ചാ എന്നുള്ള വിളിയും ലോറിയുടെ മൂളലും കേട്ടതോടെ ഇരുവരും പറമ്പിലേക്ക് പോയി നോക്കിയപ്പോൾ ലോറിക്ക് സമീപം ഉണ്ടായിരുന്ന നാല് പേരും പരുങ്ങുന്നത് കണ്ടു. എന്താണ് സാധനം എന്ന് ചോദിച്ചപ്പോൾ തേങ്ങ എന്നാണ് പറഞ്ഞത്. എന്നാൽ ലോറിയിൽ മരക്കമ്പുകൾ കണ്ടതോടെ ഇരുവരും അടുത്ത് ചെന്ന് മണപ്പിച്ചു നോക്കിയപ്പോൾ ചന്ദനം ആണെന്ന് കണ്ടെത്തി. മണത്തു നോക്കുന്നതിനിടെ വീടിന്റെ ഉടമ അടക്കം നാലുപേരും ഓടിരക്ഷപ്പെട്ടു. കേരളത്തിലെയും കർണാടകത്തിലെയും ഫോറസ്റ്റ് ഏരിയകളിൽ നിന്നും മറ്റും കടത്തി കൊണ്ടുവന്നു ചന്ദന മുട്ടികളാക്കിയ ശേഷം സൂക്ഷിച്ചു വച്ചത് ചാക്കുകളിൽ നിറച്ചു ലോറിയിൽ കടത്താനായിരുന്നു പദ്ധതി. ലോക്ക് ഡൗൺ സമയത്ത് കൊണ്ടുവന്ന ചന്ദനം ഒമ്പത് ഗ്രേഡുകളിൽ ഏറ്റവും മുന്തിയ ഇനമാണ്. ഒരു കിലോ ചന്ദനമുട്ടിക്ക് 25,000 രൂപ വിലവരുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞത്. പോത്തിനെ കൊണ്ടുപോകുന്ന തരത്തിലുള്ള ലോറിയുടെ ക്യാബിനോട് ചേർന്ന് പ്രത്യേക അറയുണ്ടാക്കി അതിലാണ് ചാക്ക് കെട്ടുകൾ നിറക്കുന്നത്. വീട്ടിലെ കേന്ദ്രത്തിൽ കട്ടിംഗ് മെഷീൻ, ത്രാസ് അടക്കമുള്ള എല്ലാ സജീകരണങ്ങളുമുണ്ട്. കളക്ടർ എത്തിയ ശേഷം വിവരം അറിയിച്ചത് പ്രകാരം ഡി.എഫ്.ഒ, വിദ്യാനഗർ എസ്.ഐ എം. വി. വിഷ്ണു പ്രസാദ് എന്നിവരും സ്ഥലത്തെത്തി. അടുത്തുണ്ടായിരുന്ന മൂന്ന് കാറുകളും കളക്ടറുടെ നിർദ്ദേശമനുസരിച്ചു വനംവകുപ്പ് പിടിച്ചെടുത്തു. 10,500 രൂപയും കണ്ടെടുത്തു.