
കാസർകോട് : കാസർകോട് നഗര മദ്ധ്യത്തിൽ വൻ ചന്ദന ശേഖരം പിടി കൂടി. രണ്ടരക്കോടി രൂപ വിലമതിക്കുന്ന ചന്ദന മുട്ടികളാണ് അതീവ രഹസ്യമായി ലോറിയിൽ കടത്താനുള്ള ശ്രമത്തിനിടെ പിടിയിലായത്.
ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബുവിന്റെ ഗൺമാൻ നീലേശ്വരം ചേടീറോഡ് സ്വദേശി എൽ.ആർ. ദിലീഷ് കുമാർ, ഡ്രൈവർ വെള്ളരിക്കുണ്ട് സ്വദേശി ശ്രീജിത്ത് പൊതുവാൾ എന്നിവരാണ് ചൊവ്വാഴ്ച പുലർച്ചെ നാലരയോടെ സാഹസികമായി ചന്ദന ശേഖരം പിടിച്ചത്. കളക്ടർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. കളക്ടറുടെ വസതിക്ക് നൂറു മീറ്റർ അകലെയുള്ള അബ്ദുൽ ഖാദർ എന്നയാളുടെ വീട്ടിലെ അടുക്കളയോട് ചേർന്നുള്ള കെട്ടിടത്തിലാണ് ചന്ദന മുട്ടികൾ കണ്ടെടുത്തത്. ജില്ലാ പൊലീസ് ചീഫ്, ജഡ്ജി എന്നിവരുടെ വസതികളും ഇതിന് തൊട്ടടുത്താണ്. പുലർച്ചെയുള്ള നടത്തത്തിനിടയിലാണ് ഗൺമാനും ഡ്രൈവറും അബ്ദുൽ ഖാദറുടെ വീട്ടിൽ നിന്ന് ശബ്ദം കേട്ടത്. ഖാദർച്ചാ എന്നുള്ള വിളിയും ലോറിയുടെ മൂളലും കേട്ടതോടെ ഇരുവരും പറമ്പിലേക്ക് പോയി നോക്കിയപ്പോൾ ലോറിക്ക് സമീപമുണ്ടായിരുന്ന നാല് പേരും പരുങ്ങുന്നത് കണ്ടു. ചോദിച്ചപ്പോൾ തേങ്ങയെന്ന് മറുപടി പറഞ്ഞെങ്കിലും ബോദ്ധ്യപ്പെടാതെ ലോറി പരിശോധിക്കുകയായിരുന്നു. അകത്ത് ചന്ദനം കണ്ടെത്തിയതോടെ വീട്ടുടമയടക്കം നാലുപേരും ഓടിരക്ഷപ്പെട്ടു. കേരളത്തിലെയും കർണാടകത്തിലെയും ഫോറസ്റ്റ് ഏരിയകളിൽ നിന്നും മറ്റും കടത്തിക്കൊണ്ടുവന്ന് ചന്ദന മുട്ടികളാക്കിയ ശേഷം ചാക്കുകളിൽ നിറച്ചു ലോറിയിൽ കടത്താനായിരുന്നു പദ്ധതി.
പിടികൂടിയത്
മുന്തിയ ഇനം
ചന്ദനത്തിന്റെ ഒമ്പത് ഗ്രേഡുകളിൽ ഏറ്റവും മുന്തിയ ഇനമാണിത്. ഒരു കിലോ ചന്ദനമുട്ടിക്ക് 25,000 രൂപ വില വരുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞത്. പോത്തിനെ കൊണ്ടുപോകുന്ന തരത്തിലുള്ള ലോറിയുടെ കാബിനോട് ചേർന്നുണ്ടാക്കിയ പ്രത്യേക അറയിൽ ചാക്ക് കെട്ടുകൾ നിറച്ചിരിക്കുകയായിരുന്നു. വീട്ടിൽ നിന്ന് കട്ടിംഗ് മെഷീൻ, ത്രാസ് എന്നിവയും കണ്ടെടുത്തു. അടുത്തുണ്ടായിരുന്ന മൂന്ന് കാറുകളും വനം വകുപ്പ് പിടിച്ചെടുത്തു. 10,500 രൂപയും കണ്ടെടുത്തു.