കണ്ണൂർ: കണിച്ചാർ പഞ്ചായത്തിൽ ചെയ്യാത്ത റോഡ് പ്രവൃത്തിയുടെ പേരിൽ പണം തട്ടിയതായി വിജിലൻസ് കണ്ടെത്തിയ സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർക്കെതിരെ കേസെടുത്തേക്കും. നാലാം വാർഡായ വെള്ളൂന്നിയിലെ ചെങ്ങോം–- ഇളമ്പാളി കോളനി റോഡ് ടാർ ചെയ്യുന്നതിന്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് മൺപണി നടത്തിയെന്ന് വ്യാജരേഖ ചമച്ചാണ് പഞ്ചായത്ത് അധികൃതരും ഉദ്യോഗസ്ഥരും തുക തട്ടിയെടുത്തത്. 170 മീറ്റർ ദൈർഘ്യമുള്ള റോഡ് പൂർത്തീകരിച്ചതായി സ്ഥലത്ത് ബോർഡും സ്ഥാപിച്ചിരുന്നു.
പഞ്ചായത്ത് ഭാരവാഹികളുടെയും എൻജിനിയറുടെയും അറിവും സഹായവുമില്ലാതെ ഇത്തരമൊരു ക്രമക്കേട് നടക്കാനിടയില്ല. അതിനാൽ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, എൻജിനിയർ, ഓവർസിയർ എന്നിവരും പ്രതികളാകുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
വിജിലൻസ് ഇന്റലിജൻസ് വിഭാഗം റിപ്പോർട്ടിന്റെകൂടി അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പഞ്ചായത്ത് ഓഫീസിലും സ്ഥലത്തും പരിശോധന നടത്തിയത്.
ടാറിംഗിന് അനുവദിച്ചത് 4,85,403 രൂപ
കാൽനട യാത്രപോലും ദുഷ്‌കരമായ ചെങ്ങോം–- ഇളമ്പാളി കോളനി റോഡ് 2019–- 20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ടാർ ചെയ്യാൻ 4,85,403 രൂപ പഞ്ചായത്ത് വകയിരുത്തിയിരുന്നു. മൺപണി തൊഴിലുറപ്പു പദ്ധതിയിൽ നടത്താനായിരുന്നു തീരുമാനം. 199 തൊഴിൽദിനങ്ങളും വകയിരുത്തി. 2020 മാർച്ച് 12 ന് ആരംഭിച്ച് 25ന് പ്രവൃത്തി പൂർത്തിയാക്കിയെന്നാണ് വ്യാജരേഖകളിലും ബോർഡിലുമുള്ളത്. ആദിവാസി വിഭാഗക്കാരടക്കമുള്ള 13 തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് കൂലിയിനത്തിൽ തുക കൈമാറുകയും ചെയ്‌തു. എന്നാൽ ഇവരാരും ഒരു ദിവസംപോലും ജോലി ചെയ്‌തിട്ടില്ലെന്ന് വിജിലൻസിനു ബോദ്ധ്യമായി. അക്കൗണ്ടിലെത്തിയ തുക ചില ഉദ്യോഗസ്ഥർ ഇടപെട്ട് പിൻവലിപ്പിച്ചു. ജെ.സി.ബി വാടക നൽകാനെന്നു പറഞ്ഞാണിത്.
പണിയെടുക്കാതെ പണത്തട്ടിപ്പ്
മിക്ക പഞ്ചായത്തുകളിലേയും തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ വ്യാപക ക്രമക്കേടുകൾ നടന്നുവരുന്നതായി നേരത്തെ തന്നെ കണ്ടെത്തിയതാണ്. കണിച്ചാർ പഞ്ചായത്തിൽ നടന്ന തട്ടിപ്പ് അതിലൊന്നു മാത്രം. ജനപ്രതിനിധികളും പദ്ധതി നിർവഹണ ഉദ്യോഗസ്ഥരും പങ്കാളികളാകുന്ന അഴിമതി മൂലം ഒരോ വർഷവും കോടികൾ ആണ് പൊതു ഖജനാവിന് നഷ്ടമാകുന്നത് ..പലരും പണിയെടുപ്പിക്കുന്നത് പല ബിനാമി പേരുകളിലും വിലാസങ്ങളിലുമാണ്. ഇതിനു കൃത്യമായ പരിശോധനയുമില്ലതാനും. സുതാര്യമായ ഓഡിറ്റ് സമ്പ്രദായം നിലവിലില്ലാത്തത് അഴിമതിക്കാർക്ക് തുണയാകുകയും ചെയ്യുന്നു.
പ്രഥമദൃഷ്ട്യാ അഴിമതിയും ക്രമക്കേടും വ്യക്തമായ സാഹചര്യത്തിൽ വിജിലൻസ് ഡയറക്ടറുടെ അനുമതി ലഭിച്ചാലുടൻ കേസെടുത്ത് വിശദാന്വേഷണം ആരംഭിക്കും. പ്രവൃത്തി സംബന്ധിച്ച മസ്‌റ്റർ റോൾ, എം. ബുക്ക് തുടങ്ങിയ രേഖകളൊന്നുമില്ല. വ്യാജ മസ്‌റ്റർ റോൾ ഉണ്ടാക്കിയാണ് തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് തുക മാറ്റിയത്. ഒരാളാണ് എല്ലാ തൊഴിലാളികളുടെയും ഒപ്പിട്ടത്-'
ബാബു പെരിങ്ങേത്ത്
ഡിവൈ.എസ്.പി, കണ്ണൂർ വിജിലൻസ്