നീലേശ്വരം: റോഡ് നവീകരണത്തിന്റെ ഭാഗമായി നാടിന്റെ കുടിവെള്ളം മുട്ടിച്ച് പൊതുമരാമത്ത് അധികൃതർ. നീലേശ്വരം - ഇടത്തോട് റോഡ് മെക്കാഡം ടാറിംഗ് ചെയ്യുന്നതിന്റെ പ്രവൃത്തിക്കിടെ ഒന്നര വർഷം മുമ്പ് പൊട്ടിച്ചിരിക്കുന്ന പൈപ്പുകൾ ചോയ്യങ്കോട് ,കൂവാറ്റി ഭാഗങ്ങളിൽ ഇപ്പോഴും അതേപടി കിടക്കുകയാണ്. ഇക്കാര്യത്തിൽ പരാതി ശക്തമാകുമ്പോഴും പൊതുമരാമത്ത് അധികൃതർക്ക് കുലുക്കമില്ല.
കുടിവെള്ള പ്രശ്നം ഏറേ രൂക്ഷമായ കിനാനൂർ -കരിന്തളം പഞ്ചായത്തിൽ രണ്ട് വർഷം മുമ്പാണ് ജലനിധി മുഖേന കുടിവെള്ള പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ ഭാഗമായാണ് ഇടത്തോട് റോഡിൽ പൈപ്പുകൾ സ്ഥാപിച്ചത്. ഈ പൈപ്പുകളാണ് റോഡ് വീതി കൂട്ടുന്നതിനായി പൊതുമരാമത്ത് കിളച്ച് പൊട്ടിച്ചിട്ടുള്ളത്.
പൈപ്പുകൾ പൊട്ടിച്ചതോടെ 252 ഓളം കുടുംബങ്ങളുടെ കുടിവെള്ളമാണ് മുട്ടിയത്. ചോയ്യങ്കോട്, കൂവാറ്റി, ചെറുവ, കക്കോൽ, കിണാവൂർ റോഡ് എന്നീ പ്രദേശങ്ങളിലുള്ളവർക്കാണ് കുടിവെള്ളം മുടങ്ങിയത്. ഇതിൽ ഏറെ പേരും സ്വന്തമായി കിണർ ഇല്ലാത്തവരും പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്നവരുമാണ്. മഴ മാറിയതോടെ കുടിവെള്ളത്തിന് വീണ്ടും ക്ഷാമം നേരിടുന്ന ഉപഭോക്താക്കൾ പൊതുമരാമത്ത് അധികൃതരുടെ കനിവ് കാത്തിരിക്കുകയാണ്.
എസ്റ്റിമേറ്റ് പുതുക്കിയിട്ടും ഫലമുണ്ടായില്ല
പൈപ്പ് പൊട്ടിയ വിവരം പൊതുമരാമത്ത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് പൈപ്പ് പുനഃസ്ഥാപിക്കാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാൻ പറയുകയായിരുന്നു. ഇതനുസരിച്ച് ആദ്യം ജലനിധിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി കൊടുത്തെങ്കിലും അത് വളരെ കൂടുതലാണെന്ന് പറഞ്ഞ് തിരിച്ചയച്ചു. എസ്റ്റിമേറ്റ് പുതുക്കി നല്കിയെങ്കിലും ഇപ്പോൾ നടപടിയില്ലാത്തതിൽ നാട്ടുകാർ ആശങ്കയിലാണ്.