തൃക്കരിപ്പൂർ: പടന്നയിലും പരിസരങ്ങളിലും കർഷകരെ ആശങ്കയിലാക്കി അറവു മാടുകളുടെ മോഷണ സംഭവങ്ങൾ. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നിന് പടന്ന കാന്തിലോട്ടെ ശാഹുൽ ഹമീദിന്റെ വീട്ടിൽ കെട്ടിയിട്ടിരുന്ന മൂന്ന് പോത്തുകളെ കടത്തിക്കൊണ്ടുപോയി. വീടിന്റെ ഗേറ്റിനിട്ട ചങ്ങലകൾ അറുത്ത് മാറ്റിയാണ് മോഷണം നടത്തിയത്. ശബ്ദം കേട്ടുണർന്ന വീട്ടുകാർ സമീപ വാസികളെ വിളിച്ചുണർത്തുകയും പുറത്തിറങ്ങുകയും ചെയ്തപ്പോഴാണ് വീട്ടു മുറ്റത്ത് കെട്ടിയിട്ടിരുന്ന മൂന്ന് പോത്തിനെയും കാണാതായത് അറിഞ്ഞത്.

തിരച്ചിൽ നടത്തുന്നതിനിടയിൽ പോത്തിനെ സമീപ പ്രദേശത്തെ വയലിൽ ഉപേക്ഷിച്ചു മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു. വീടിന് തൊട്ടടുത്തുള്ള സിസി ടിവി കാമറയിൽ മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. കഴിഞ്ഞ മാസവും പ്രദേശത്ത് സമാനമായ സംഭവം അരങ്ങേറിയിരുന്നു.