കണ്ണൂർ: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ വേണ്ടി തയ്യാറാക്കിയ നഗര റോഡ് വികസന പദ്ധതി അഞ്ച് വർഷമായിട്ടും പ്രവൃത്തി തുടങ്ങിയില്ല. നാറ്റ് പാക് പഠനം നടത്തി തയ്യാറാക്കിയ 950 കോടി രൂപയുടെ റോഡ് വികസന പദ്ധതിയാണ് പാതിവഴിയിലായിരിക്കുന്നത്.

മാസങ്ങളോളം പഠനം നടത്തിയ സംഘം 950 കോടി രൂപയുടെ പ്രോജക്ട് റിപ്പോർട്ട്‌ തയ്യാറാക്കി പൊതുമരാമത്തു വകുപ്പിനെ ഏല്പിച്ചു. നഗരത്തിലെ കുരുക്കു പൂർണമായും ഒഴിവാക്കുന്നതിനായി വിവിധ നിർദേശങ്ങൾ നാറ്റ് പാക് സംഘം മുന്നോട്ട് വച്ചിരുന്നു.

വിവിധയിടങ്ങളിൽ നിന്നും ദേശീയപാതയിലേക്ക് വന്നു മുട്ടുന്ന പോക്കറ്റ് റോഡുകൾ ഇടതും വലതും വശങ്ങളിലേക്ക് കയറാനും ഇറങ്ങാനും വേണ്ടി വെൽ മൗത്ത് ആകൃതിയിൽ വികസിപ്പിക്കാനും മുഴുവൻ സ്ഥലങ്ങളിലും ഫുട് പാത്തുകൾ നിർമിക്കാനും നിർദേശം ഉണ്ടായിരുന്നു. ഇതിനെല്ലാം കൂടിയാണ് 950 കോടി രൂപയുടെ പ്രോജക്ട് തയ്യാറാക്കിയത്.

പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കുന്നതിനായി നിലവിലുള്ള റോഡിന്റെ ഇരുഭാഗങ്ങളിലുമായി മാർക്ക്‌ ചെയ്യുകയും ചെയ്തു. എന്നാൽ തുടർ പ്രവർത്തനങ്ങൾ ഒന്നും നടന്നില്ല. ടൗൺ റോഡ് വികസന പദ്ധതി തുടങ്ങുകയോ കണ്ണൂർ ബൈപാസ്‌ പദ്ധതി പൂർത്തിയാക്കുകയോ ചെയ്യാത്തതിനാൽ നഗരത്തിലെ കുരുക്കിന് ഇതുവരെ ശമനമായിട്ടില്ല.

മേലെചെവ്വയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർദേശിക്കപ്പെട്ട അണ്ടർ പാസ് ഇതുവരെയായും യാഥാർത്ഥ്യമായില്ല. ഇതിനു വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കൽ പോലും കഴിഞ്ഞില്ല.

തളാപ്പ് കിംസ്റ്റ് ആശുപത്രി മുതൽ കാൾടെക്സ് ട്രെയിനിംഗ് സ്കൂൾ വരെയുള്ള ഫ്ലൈ ഓവറിനായി ഏറ്റെടുക്കേണ്ട സ്ഥലം കണ്ടെത്തി അതിർത്തി കല്ലിട്ടു വച്ചിരിക്കുകയാണ്. പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കേണ്ട 10 റോഡുകൾക്കും ആവശ്യമായ സ്ഥലം ഏറ്റെടുക്കൽ നടപടി തുടങ്ങിയിട്ടില്ല.

1. പ്രധാനമായും നടത്തേണ്ടത് 10 റോഡുകളുടെ വികസനം

2. നിലവിലുള്ള ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കണം

3. 16 ഓളം സ്ഥലങ്ങളിലായി ബസ് ബേകൾ

4. ആറ് സ്ഥലങ്ങളിൽ ട്രാഫിക് സിഗ്നൽ ഐലന്റ്

5. രണ്ട് ഓവർ ബ്രിഡ്ജുകൾ രണ്ട് സബ് ബേകൾ

പദ്ധതി പൂർത്തിയാക്കാൻ നടപടി വേണം

നഗര റോഡ് വികസന പദ്ധതി അടിയന്തരമായി പൂർത്തിയാക്കാൻ ഇടപെടണമെന്നു കാണിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്തു വകുപ്പ് മന്ത്രി ജി. സുധാകരൻ, സ്ഥലം എം.എൽ.എ കൂടിയായ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർക്ക് നിവേദനം നൽകി. എത്രയും പെട്ടെന്ന് ഇടപെടലുകൾ ഉണ്ടാകണം.

സി. ജയചന്ദ്രൻ,

ചെയർമാൻ, ദിശ