കണ്ണൂർ: ആർദ്രം പദ്ധതിയുടെ ഭാഗമായി കടന്നപ്പള്ളി ഉൾപ്പെടെ 75 കുടുംബാരോഗ്യകേന്ദ്രങ്ങളുടെ ഉദ്ഘാടനം ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കടന്നപ്പള്ളിയിലെ കണ്ടോന്താർ കുടുംബാരോഗ്യകേന്ദ്രമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത് . ടി.വി രാജേഷ് എം.എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപയും , ഗ്രാമ പഞ്ചായത്തിന്റെ 28 ലക്ഷം രൂപയും ആരോഗ്യ വകുപ്പിന്റെ 15 ലക്ഷം രൂപയും ഉൾപ്പടെ 78 ലക്ഷം രൂപയുടെ വികസന പ്രവർത്തനമാണിവിടെ നടത്തിയത്.
ടി.വി രാജേഷ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ലത, കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഇ.പി ബാലകൃഷ്ണൻ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക്, ആർദ്രം നോഡൽ ഓഫീസർ ഡോ. ഇ. മോഹനൻ, ഡി.പി.എം അനിൽകുമാർ, മെഡിക്കൽ ഓഫീസർ ഡോ. കെ. മനേഷ് ,ഡോ. കെ.സി സച്ചിൻ തുടങ്ങിയവർ സംസാരിച്ചു.
കീഴല്ലൂർ പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രവും കുടംബക്ഷേമ ഉപകേന്ദ്രവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നാടിന് സമർപ്പിച്ചു. മന്ത്രി ഇ.പി ജയരാജൻ, കിയാൽ എം.ഡി വി. തുളസീദാസ് എന്നിവർ ഓൺലൈനിൽ മുഖ്യാതിഥികളായി.
പഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ. പ്രഭാകരൻ, പി. രുധീഷ്, ജില്ലാ പഞ്ചായത്ത് അംഗം കെ. മഹിജ, ജില്ലാ പഞ്ചായത്ത് മുൻ സ്ഥിരംസമിതി അദ്ധ്യക്ഷൻ എം.വി ചന്ദ്രബാബു, മെഡിക്കൽ ഓഫീസർ പി.എം രജിഷ എന്നിവർ പങ്കെടുത്തു.