കൂത്തുപറമ്പ്: രാത്രികാലങ്ങളിൽ സ്ഫോടനകൾ പതിവാകുന്നുണ്ടെന്ന പരാതിയെ തുടർന്ന് ആയിത്തറ മേഖലയിൽ സ്ഫോടക വസ്തുക്കൾക്കും ആയുധങ്ങൾക്കുമായി പൊലീസ് നടത്തിയ പരിശോധനയിൽ ഒരു നാടൻ ബോംബും ബോംബ് നിർമാണത്തിന് ഉപയോഗിക്കുന്നതെന്ന് കരുതുന്ന ഒരു സ്റ്റീൽ കണ്ടെയ്നറും കണ്ടെത്തി.
കൂത്തുപറമ്പ് പൊലീസ്, കണ്ണൂരിൽ നിന്നെത്തിയ ബോംബ്, ഡോഗ് സ്ക്വാഡുകൾ ചേർന്നാണ് പരിശോധന നടത്തിയത്. ആയിത്തറ, തേൻപുളി, തരിശിയിൽ, ആറങ്ങാട്ടേരി തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു പരിശോധന. തേൻപുളി പാലത്തിനു സമീപത്തു നിന്നാണ് ബോംബും പാത്രവും കണ്ടെത്തിയത്. ബോംബ് പഴക്കം ചെന്നതാണെന്നാണ് പൊലീസ് നിഗമനം. എസ്.ഐമാരായ പി. ബിജു, കെ.ടി. സന്ദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.