
മടിവയൽ (കാസർകോട്): വീട്ടിനുള്ളിലെ കട്ടിലിൽ 21 വർഷമായി ഒരേ കിടപ്പിലായ പിലിക്കോട് മടിവയലിലെ അരുണിന്റെയും വീട്ടുകാരുടെയും സങ്കടകഥ 'കേരള കൗമുദി' പുറത്തുകൊണ്ടുവന്നതോടെ നാടുണർന്നു. അരുണിന് മതിയായ വൈദ്യസഹായം നൽകുന്നതിന് ഓട്ടോറിക്ഷ പോകുന്ന ഒരു റോഡെങ്കിലും പണിത് നൽകുന്നതിനുള്ള ശ്രമങ്ങൾക്ക് നാട്ടുകാരും അധികൃതരും തുടക്കം കുറിച്ചു.
കൈകൾക്കും കാലുകൾക്കും ശേഷിയില്ലാതായ അരുൺ മുതിർന്ന ബാലനായതോടെ ആശുപത്രിയിൽ കൊണ്ടുപോകാൻ പ്രയാസപ്പെടുന്ന വീട്ടുകാരുടെ അവസ്ഥയിൽ സങ്കടം തോന്നിയ നാട്ടുകാരാണ് റോഡ് നിർമ്മിക്കാൻ ഒരുമിക്കുന്നത്. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് റവന്യു വകുപ്പ് അധികൃതരുടെ നിർദ്ദേശ പ്രകാരം പിലിക്കോട് വില്ലേജ് ഓഫീസർ അനിൽകുമാറും സംഘവും വീട്ടിലെത്തി അരുണിനെ സന്ദർശിക്കുകയും പടിഞ്ഞാറുഭാഗത്ത് കൂടി റോഡ് ഉണ്ടാക്കുന്നതിനായി സ്ഥലം അളന്നു തിട്ടപ്പെടുത്തി സമീപവാസികളുമായി ചർച്ച നടത്തുകയും ചെയ്തു. പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ശ്രീധരൻ വിഷയം എത്രയും വേഗത്തിൽ പരിഹരിക്കുന്നതിന് ഇടപെടാമെന്ന് അറിയിച്ചിട്ടുണ്ട്.
ചന്തേര ജനമൈത്രി പൊലീസും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. മുമ്പ് റോഡ് പണിയുന്നതിനായി രൂപീകരിച്ചിരുന്ന ജനകീയ കമ്മറ്റി ഭാരവാഹികളുമായി ജനമൈത്രി പൊലീസ് സംസാരിച്ചു. ചന്തേര ഇൻസ്‌പെക്ടർ പി. നാരായണൻ, ജനമൈത്രി ബീറ്റ് ഓഫീസർ കെ.വി പ്രദീപൻ എന്നിവർ അരുണിന്റെ വീട് സന്ദർശിച്ച് വിഷയം ചോദിച്ചറിഞ്ഞു. റോഡില്ലാത്തതിനാൽ അരുണിനെ ചികിത്സയ്ക്കായി കൊണ്ടുപോകാൻ കഴിയാത്ത പ്രശ്നം വീട്ടുകാർ പൊലീസിനോട് വിശദീകരിച്ചു. മടിവയലിലെ കൊയ്യോടൻ ബാലന്റെയും തെക്കേവീട്ടിൽ ബിന്ദുവിന്റേയും മൂത്ത മകനാണ് അരുൺ. ശാരീരികവും മാനസികവുമായ വൈകല്യം ബാധിച്ച അരുൺ 21 വർഷമായി കിടപ്പിലാണ്. എന്നും കരഞ്ഞും ബഹളം വെച്ചും വേദനകൊണ്ട് പുളയുന്ന അരുണിനെ പരിചരിക്കാൻ വീട്ടുകാർ ഏറെ കഷ്ടപ്പെടുകയാണ്.
അരുണിന്റെ സങ്കടകഥ ശ്രദ്ധയിൽപ്പെട്ടു. വാർഡ് മെമ്പറും നാട്ടുകാരുമായി സംസാരിച്ചതിന് ശേഷം റോഡ് നിർമ്മിച്ച് നൽകുന്നതിന് ആവശ്യമായ പരിശ്രമം നടത്തും . സമീപത്തെ വീട്ടുകാരുടെ കൺസെന്റ് കിട്ടിയാൽ പെട്ടെന്ന് റോഡ് നല്കാൻ കഴിയും.
ടി വി ശ്രീധരൻ
( പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് )
അരുണിന്റെ അവസ്ഥ വേദനാജകനാകമാണ്. റോഡ് നിർമ്മാണത്തിനായി മടിവയലിൽ മുമ്പുണ്ടാക്കിയ ജനകീയ കമ്മറ്റിയുമായി ചർച്ച നടത്തി റോഡ് നിർമ്മിച്ച് നൽകുന്നതിന് പരിശ്രമിക്കും. ചർച്ചകൾക്കായി ജനമൈത്രി പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പഴയ കാര്യങ്ങളെല്ലാം മറന്നുകൊണ്ട് എല്ലാവരും ഇതിനായി ഒരുമിച്ചു നിൽക്കണം.
പി. നാരായണൻ
( ഇൻസ്‌പെക്ടർ ചന്തേര പൊലീസ് സ്റ്റേഷൻ )
അരുണിന്റെ വീടിന് അടുത്തുകൂടി പോകുന്ന മടിവയൽ റോഡ് പണിയുന്നതിന് മുമ്പ് ശ്രമം നടത്തിയിരുന്നു. കൺസെന്റ് കിട്ടാത്ത പ്രശ്നം കാരണം ആ ശ്രമം വിജയിച്ചിരുന്നില്ല. എല്ലാവരും ഒരുമിച്ചു നിന്ന് റോഡ് നിർമ്മിക്കുന്നതിന് സന്തോഷം മാത്രമേയുള്ളൂ. ഇക്കാര്യത്തിൽ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കും.
ഭവദാസൻ
( പിലിക്കോട് സഹകരണ ബാങ്ക് മുൻ സെക്രട്ടറി )