
കണ്ണൂർ: കൊവിഡിന്റെ വരവോടെ ഉൾനാടൻ ഗ്രാമമായ പാട്യത്ത് യാത്രാക്ളേശം രൂക്ഷമായപ്പോൾ 2500 രൂപ വീതമിട്ട് ആയിരത്തോളം വരുന്ന നാട്ടുകാർ ചേർന്നൊരു ബസ് വാങ്ങി.ഇന്ന് സർവീസ് ആരംഭിക്കുന്ന നാട്ടുകാരുടെ ബസിന് 'പാട്യം ജനകീയം' എന്നല്ലാതെ മറ്റെന്ത് പേരിടാൻ.ബസ് മുതലാളിമാരുടെ കൂട്ടത്തിൽ കർഷകർ മുതൽ സർക്കാർ ജീവനക്കാർ വരെയുണ്ട്. നടൻ ശ്രീനിവാസന്റെ ജന്മനാട് കൂടിയാണ് പാട്യം. 1989 ൽ ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വരവേൽപ്പിലെ ലാലേട്ടന്റെ ഗൾഫ് മോട്ടോഴ്സ് ഓടിയ അതേ റൂട്ടിലാണ് ഈ ജനകീയ ബസ് ഓടുന്നതെന്നത് മറ്റൊരു കൗതുകം.
വരവേൽപ്പിന്റെ ലോക്കേഷൻ പാലക്കാട്ടെ ആലത്തൂരും പരിസരങ്ങളിലുമായിരുന്നുവെങ്കിലും ബസ് റൂട്ടായി സിനിമയിൽ കാണിക്കുന്നത് പാട്യം കോങ്ങാറ്റ- വേറ്റുമ്മൽ ആയിരുന്നു. ഏതാണ്ട് ഇതേ റൂട്ടിലാണ് ജനകീയ ബസിന്റെ സർവീസും.പാട്യം പത്തായക്കുന്ന്- കൊങ്കച്ചി- ബ്രഹ്മാവ് മുക്ക്- മേലേ ചമ്പാട്- കോപ്പാലം വഴി തലശേരിയിലേക്കാണ് സർവീസ്.
രണ്ടര മാസം കൊണ്ട് 26 ലക്ഷം
കൊവിഡ് കാലത്തെ നഷ്ടത്തെ തുടർന്ന് സ്വകാര്യ ബസുകൾ സർവീസ് നിറുത്തിയതോടെയാണ് ജനകീയ ബസ് എന്ന ആശയം പിറവിയെടുക്കുന്നത്.നാട്ടുകാരായ പി.മനോഹരൻ ചെയർമാനായും ടി.പി.ശശീന്ദ്രൻ കൺവീനറുമായുള്ള 25 അംഗ പ്രവർത്തക സമിതിയാണ് എല്ലാത്തിനും നേതൃത്വം നൽകിയത്.എല്ലാ രാഷ്ട്രീയ പാർട്ടിയിലെ അംഗങ്ങളും സമിതിയിലുണ്ട്. രണ്ടര മാസം കൊണ്ട് 1040 പേരിൽ നിന്നു 26 ലക്ഷം രൂപ സമാഹരിച്ച് ബസ് വാങ്ങി.ബസിലെ ജീവനക്കാരും നാട്ടുകാർ തന്നെ. 33 സീറ്റുള്ള ബസിന്റെ പെർമിറ്റിനായി അപേക്ഷിച്ചെങ്കിലും ആർ.ടി ഒ ബോർഡ് ആദ്യം പരിഗണിച്ചില്ല. ഒടുവിൽ ഹൈക്കോടതിയിൽ സമീപിച്ചാണ് പെർമിറ്റ് നേടിയെടുത്തത്. ലാഭവിഹിതത്തെപ്പറ്റിയും ബസിന്റെ മുന്നോട്ടുള്ള പ്രവർത്തനത്തെപ്പറ്റിയും അടുത്ത യോഗത്തിൽ ചർച്ച ചെയ്യുമെന്ന് ഭാരവാഹികൾ പറയുന്നു.
പാട്യം പത്തായക്കുന്ന് മുതൽ ചുണ്ടങ്ങാപ്പൊയിൽ വരെയുള്ള ഓരോ വീടുകളിലും കയറിയിറങ്ങിയാണ് ബസിനുള്ള തുക സമാഹരിച്ചത്. നാട്ടുകാരുടെ വിജയമാണിത്.
-ടി.പി.ശശീന്ദ്രൻ കൺവീനർ, ജനകീയ
ബസ് പ്രവർത്തക സമിതി