facebook

കണ്ണൂർ: ഫേസ് ബുക്കിൽ പ്രമുഖരുടെ വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ച് സഹായമഭ്യർത്ഥിച്ച് പണം കൈപ്പറ്റുന്ന സംഘത്തിന്റെ തട്ടിപ്പ് തുടരുന്നു. ഗായകനും ബീവറേജ്സ് കോർപ്പറേഷൻ ജീവനക്കാരനുമായ രവീന്ദ്രൻ പാടാച്ചേരിയുടെ പാട്ടുവീടിന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പലരിൽ നിന്നും പണം തട്ടാൻ ശ്രമിച്ചതാണ് ഇക്കൂട്ടത്തിൽ ഏറ്റവുമൊടുവിലത്തെ സംഭവം. രവീന്ദ്രൻ ഇതുസംബന്ധിച്ച് ചന്തേര പൊലീസിൽ പരാതി നൽകി.

രവീന്ദ്രന്റെ ബന്ധുക്കൾക്ക് ഫ്രന്റ് റിക്വസ്റ്റ് അയച്ച ശേഷം ഗൂഗിൾ പേയിൽ പണം ഇടാൻ അഭ്യർത്ഥിക്കുകയായിരുന്നു. സംശയം തോന്നിയ ബന്ധുക്കൾ രവീന്ദ്രനെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. പണം തട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ നൈജീരിയൻ സൈബർ തട്ടിപ്പ് സംഘമാണ് ഈ തട്ടിപ്പിന് പിന്നിലെന്ന് സൂചന ലഭിച്ചിട്ടുണ്ട്.

രവീന്ദ്രന്റെ പരാതിയെ തുടർന്ന് മെയിൽ ഐഡിയും മറ്റും അന്വേഷിച്ചപ്പോൾ യു..പിയിലെ ഒരു വിലാസത്തിൽ നിന്നാണ് തട്ടിപ്പ് നടത്തുന്നതെന്ന് തിരിച്ചറിഞ്ഞു. എന്നാൽ ഇതിന്റെ ശൃംഖല എത്തുന്നത് നൈജീരിയയിലാണെന്ന് പൊലീസ് പറയുന്നു.

പൊലീസ് ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ തുടങ്ങി സമൂഹത്തിലെ പ്രമുഖരുടെ വ്യാജ പ്രൊഫൈലുകൾ നിർമിച്ച് പണം തട്ടുന്ന വലിയ റാക്കറ്റ് തന്നെ സംഘത്തിനു പിന്നിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

വർഷങ്ങളോളം ഇത്തരം ആളുകളുടെ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഫോളോ ചെയ്ത ശേഷമാണ് വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് തട്ടിപ്പ് ആരംഭിക്കുന്നത്.കൂടാതെ ജോലി അന്വേഷണം നടത്തുന്ന സൈറ്റുകൾ കേന്ദ്രീകരിച്ചു തട്ടിപ്പ് നടത്തുന്നത് ഈ സംഘമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി പൊലീസ് പറഞ്ഞു.

ഇന്ത്യയിൽ ഏജന്റുമാർ

നൈജീരിയയിൽ നിന്നുള്ള നിർദേശ പ്രകാരം ഇന്ത്യയിലെ ഏജന്റുമാരാണ് തട്ടിപ്പിനു പിന്നിൽ പ്രവർത്തിക്കുന്നത്.തട്ടിപ്പു സംഘങ്ങൾ ഉപയോഗിക്കുന്നത് ഇന്ത്യൻ നമ്പറാണെന്നും ഉത്തർ പ്രദേശിൽ നിന്നും കശ്മീരിൽ നിന്നും മറ്റൊരു സംസ്ഥാനത്ത് നിന്നുമാണ് ഈ നമ്പറുകൾ പ്രവർത്തിക്കുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

പ്രമുഖകരുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ അക്കൗണ്ട് നിർമ്മിച്ച് ഫ്രണ്ട് റിക്വസ്റ്റ് അയച്ച് മെസഞ്ചറിൽ പണം ആവശ്യപ്പെടുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.മെസേജ് വന്ന പലരും പണം അയച്ചു നൽകിരുന്നുവെങ്കിലും നിലവിൽ ഫേസ്ബുക്ക് സുഹൃത്തുക്കളായ പലർക്കും വീണ്ടും ഫ്രണ്ട് റിക്വസ്റ്റ് കിട്ടിയതോടെയാണ് പലർക്കും സംശയമുയർന്നത്.ഇതിനായി സംസ്ഥാനത്ത് തന്നെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് വൻ സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസിന് കിട്ടിയ വിവരം.