ajith-raj-team

കാസർകോട്: കൂലിപ്പണിക്കാരുടെ യോഗ്യത അറിഞ്ഞ് അന്തംവിടുകയാണ് പണിക്ക് വിളിക്കുന്നവർ. ബിസിനസ് അഡ്മിനിസ്ട്രേഷൻ,​ എൻജിനീയറിംഗ്,​ എം. എസ് സി,​ ബി. എഡ്,ഹോട്ടൽ മാനേജ്മെന്റ്...

കൂലി കൊടുക്കുമ്പോൾ ഒന്നുകൂടി ഞെട്ടും. കാരണം എത്രയെന്ന് പറയില്ല. കിട്ടുന്നത് സന്തോഷത്തോടെ വാങ്ങും. കിട്ടിയത് കൂടുതലാണെങ്കിൽ ആ തുക മടക്കിനൽകും.

എന്നും പഴികേൾക്കുന്ന കേരളത്തിലെ തൊഴിൽ സംസ്കാരത്തിന് ഒരു തിരുത്തലായി മാറുകയാണ് ഈ സുഹൃത്‌സംഘം.

തൊഴിലിടങ്ങൾക്ക് കൊവിഡ് പൂട്ടിട്ടതോടെ അഞ്ച് കളിക്കൂട്ടുകാരാണ് ആദ്യം ഇറങ്ങിയത്. അജിത് രാജ് (എം.ബി.എ),​ അശ്വിൻ (സിവിൽ എൻജിനീയറിംഗ് )​, രാജുലാൽ (ഇലക്ട്രോണിക്സ് ഡിപ്ലോമ)​, ഹരികൃഷ്ണൻ (ഹോട്ടൽ മാനേജ്മെന്റ് )​, ജിഷ്ണു (കമ്പ്യൂട്ടർ എൻജിനീയർ) എന്നിവർ. സോഷ്യൽ മീഡിയയിൽ തരംഗമായതോടെ എട്ട് സുഹൃത്തുക്കൾ കൂടി ചേർന്നു. വിന്യാസ് (എം.ബി.എ),​ നിർമ്മൽ (എം. എസ് സി. ബി. എഡ് )​, അനിരുദ്ധ്, ശ്രീരാജ്, ഡിപ്ലോമക്കാരായ വൈശാഖ്, അർജുൻ, നിഗേഷ്‌,​ നവനീത് ദാമോദർ (എം.എ )​.

കൊടക്കാട് വേങ്ങപ്പാറ ഗ്രാമത്തിലെ നാഷണൽ ക്ലബ്ബാണ് പല പ്രായക്കാരായ ഇവരുടെ സംഗമവേദി. ക്ളബ്ബിന്റെ ഫുട്‌ബോൾ താരങ്ങളാണ് ചിലർ.

ടീം ലീഡർ അജിത് രാജ് 15 വർഷം ഗൾഫിലായിരുന്നു. നാട്ടിലെത്തി മടങ്ങാനിരിക്കെ ലോക്ക് ഡൗൺ വന്നു. പതിവുപോലെ ക്ളബ്ബിൽ കുശലം പറഞ്ഞിരിക്കവേയാണ് ആശയം ഉദിച്ചത്.

കൊയ്ത്ത്, കറ്റ കടത്ത്, കാട് വെട്ട്, പറമ്പ് കിള, ചെങ്കല്ല് കടത്ത്, ചെങ്കല്ലുകളും എം സാൻഡും ചുമന്ന് കെട്ടിടങ്ങളുടെ മുകളിലെത്തിക്കുക തുടങ്ങിയ ഏതു പണിയും ചെയ്യും. എറണാകുളത്തും ഗുരുവായൂരിലും കെട്ടിടം പണി ചെയ്‌തു.

തൊഴിലിന് സമയപരിധിയൊന്നുമില്ല. പണി തീരുന്നതാണ് സമയം. ചെലവ് കഴിച്ചുള്ള കാശ് വീട്ടിൽ കൊടുക്കും. വീട്ടുകാർക്കും സന്തോഷം.

''യോഗ്യതക്കനുസരിച്ചുള്ള ജോലികാത്ത് ജീവിതം പാഴാക്കരുത്. ലോക്ക്ഡൗണിൽ മൊബൈലിൽ കളിച്ചു നശിക്കേണ്ട എന്നുകരുതി തീരുമാനിച്ചതാണ് നാടൻ പണി. എല്ലാവരും സപ്പോർട്ട് ചെയ്തു. പിന്നെ ആവേശമായി...'

അജിത് രാജ്,

ടീം ലീഡർ

''കൂലിപ്പണിക്ക് ആളെ കിട്ടാത്ത കേരളത്തിനാകെ മാതൃകയാണ് അജിത് രാജും സംഘവും

-രവീന്ദ്രൻ കൊടക്കാട്

(കർഷകൻ )