കാഞ്ഞങ്ങാട്: ആറു ടൂറിസ്റ്റ് ബസും രണ്ടു ലൈൻ ബസുകളുമുണ്ട് കാഞ്ഞിരപ്പൊയിലിലെ സഹോദരങ്ങളായ നജീബ്, ഇർഫാൻ, ഇർഷാദ് എന്നിവർക്ക്. എന്നാൽ കൊവിഡും ലോക്ക്ഡൗണും ജീവിതവൃത്തിക്ക് തടസമായപ്പോൾ സുരക്ഷിതമാർഗമായി ഇവർ കണ്ടെത്തിയത് പോത്തുവളർത്തലും.
ലോക്ക്ഡൗണിന് പിന്നാലെ ബസുകൾ കട്ടപ്പുറത്തു കയറ്റിയപ്പോൾ പോത്തുകച്ചവടത്തിന്റെ സാദ്ധ്യത തിരിച്ചറിയുകയായിരുന്നു ഇവർ. തായന്നൂർ, കാലിച്ചാനടുക്കം, നീലേശ്വരം, കാഞ്ഞങ്ങാട് റൂട്ടിൽ സർവീസ് നടത്തിയ ഗാലക്സി ബസിന്റെ പ്രതാപകാലം കൊവിഡിൽ അസ്തമിക്കുകയായിരുന്നു. സർവീസ് മുടക്കാത്ത ആറു ബസുകൾ നിരത്തുകണ്ടിട്ട് ഏഴു മാസമായി.
പരിമിത സൗകര്യം, കുറഞ്ഞ തീറ്റച്ചെലവ്, രോഗസാധ്യത കുറവ് തുടങ്ങിയ അനുകൂല ഘടകമാണ് പോത്തുവളർത്തലിലേക്ക് ഇവരെ ആകർഷിച്ചത്. ഇതര സംസ്ഥാനങ്ങളിൽനിന്നാണ് സംസ്ഥാനത്തേക്ക് പോത്തുകളെ കൊണ്ടുവരുന്നത്. സംസ്ഥാനത്ത് ഇറച്ചിക്കോഴി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ളത് പോത്തിറച്ചിക്കാണ്. ആറു മാസംകൊണ്ട് കൺമുമ്പിൽ വളർന്നു വലുതാവുന്ന നിക്ഷേപമാണ് പൊത്തുകളെന്ന് ഈ സഹോദരങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.