കാസർകോട്: ചെങ്കള സർവ്വീസ് സഹകരണ ബാങ്കിലെ കമ്പ്യൂട്ടറിൽ കൃത്രിമം കാണിച്ച് 84,61,900 രൂപ അപഹരിച്ച സംഭവത്തിൽ അക്കൗണ്ടന്റായ വിജയകുമാറിനെ അന്വേഷണ ഉപസമിതി നിയോഗിച്ച ഡൊമസ്റ്റിക് എൻക്വയറി ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു. ബാങ്കിന് നഷ്ടപ്പെട്ട തുകയിൽ നിന്ന് 58,15,583 രൂപ ഇതിനകം ഇയാൾ തിരിച്ച് അടച്ചിട്ടുണ്ട്. ബാക്കി വരുന്ന 26,46,317 രൂപയ്ക്ക് ഇയാളുടെ ഉടമസ്ഥതയിലുള്ള എഴുപതുലക്ഷത്തോളം രൂപയുടെ ഭൂ സ്വത്ത് ബാങ്കിന് ഈട് നൽകിയിട്ടുണ്ട്. അതുകൊണ്ട് ഇടപാടുകാർക്ക് യാതൊരു ആശങ്കയും വേണ്ടെന്നും ഇതുസംബന്ധിച്ച് സഹകരണ വകുപ്പിന്റെയും പൊലീസിന്റെയും അന്വേഷണം നടക്കുകയാണെന്നും മറ്റു പ്രചരണങ്ങൾ വ്യാജമാണെന്നും ബാങ്ക് പ്രസിഡന്റ് ബി.കെ. കുട്ടിയും സെക്രട്ടറി പി. ഗിരിധരനും അറിയിച്ചു.