കാഞ്ഞങ്ങാട്: മത്സ്യബന്ധനത്തിന് പോയ വലക്കാർക്ക് കിട്ടിയത് വല നിറയെ ജെല്ലി ഫിഷ്.ഇത് ശരീരത്തിൽ എവിടെ സ്പർശിച്ചാലും ചൊറിഞ്ഞ് അവിടെ തടിപ്പ് അനുഭവപ്പെടും.കടലിലാകെ മഹാമാരിപോലെയാണ് ജെല്ലിഫിഷ് പരന്നിരിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ പതിവു പോലെ മത്സ്യബന്ധനത്തിനിറങ്ങിയ തളിയിലപ്പൻ വലക്കാർക്ക് കിട്ടിയത് വല നിറയെ ജെല്ലി ഫിഷുകളാണ്.വലയിൽ നിന്ന് ഇതിനെ എളുപ്പം പുറത്താക്കാനും കഴിയില്ല.കരയിൽ കൊവിഡ് മൂലവും മറ്റു കാരണങ്ങളാലും കഷ്ടത അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് കൂനിൻമേൽ കുരു ആവുകയാണ് ജെല്ലിഫിഷുകളുടെ രംഗപ്രവേശം.
അവർക്ക് ഇഷ്ടഭക്ഷണം; ഇവർക്ക് അന്നംമുടക്കി
ശരീരത്തിൽ 90 ശതമാനവും ജലാംശമുള്ള ജലജീവിയാണ് ഇത്. കുടയുടെ ആകൃതിയാണ് ഇതിന്റെ ശരീര ഘടന .ഇവ ഉത്പാദിപ്പിക്കുന്ന ചില രാസവസ്തുക്കൾ ഹൃദ്രോഗത്തിനും കാൻസറിനുമുള്ള ഔഷധങ്ങളുണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്.എന്നാൽ എല്ലാം നിരുപദ്രവകാരികളല്ല. ബോക്‌സ് ജെല്ലിഫിഷ് വിഷമുള്ളവയാണ്.മനുഷ്യരെ കൊല്ലാൻ വരെ ശേഷിയുള്ള വിഷമാണ് അതിനുള്ളത്.ചിലവയ്ക്ക് ശരീരത്തിൽ നിന്ന് പ്രകാശം പരത്താനുള്ള കഴിവുമുണ്ട്. ജപ്പാൻ ,കൊറിയ ,ചൈന എന്നീ രാജ്യങ്ങളിൽ ജെല്ലിഫിഷ് ഭക്ഷണമായി ഉപയോഗിക്കാറുണ്ട്. എന്നാൽ നമ്മുടെ നാട്ടിൽ ഇവ മത്സ്യത്തൊഴിലാളികളുടെ അന്നം മുടക്കികളാണ്.