
മടിവയൽ( കാസർകോട്): രണ്ട് പതിറ്റാണ്ടിലേറെയായി തിരിഞ്ഞും മറിഞ്ഞും മാത്രം കട്ടിലിൽ ജീവിതം തീർക്കുന്ന പിലിക്കോട് മടിവയലിൽ കെ. ബാലന്റെയും ടി.വി ബിന്ദുവിന്റേയും മകൻ അരുണി(21) ന്റെ വീട്ടിലേക്ക് റോഡ് ഒരുക്കുന്നതിന് കാസർകോട് ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബുവും ഇടപെടുന്നു. റോഡ് സൗകര്യം ഇല്ലാത്തതിന്റെ പേരിൽ മാനസികവും ശാരീരികവുമായ വൈകല്യം അനുഭവിക്കുന്ന അരുണിന് മതിയായ വൈദ്യസഹായം നൽകുന്നതിന് വീട്ടുകാർ അനുഭവിക്കുന്ന ക്ലേശത്തെ കുറിച്ച് 'കേരള കൗമുദി' പുറത്തുകൊണ്ടുവന്ന വാർത്ത ശ്രദ്ധയിൽപ്പെട്ട കളക്ടർ വിഷയത്തിൽ ഇടപെടുകയായിരുന്നു.
സമീപത്തെ സ്ഥലം ഉടമകളോടും വീട്ടുകാരോടും സംസാരിച്ചു എത്രയും വേഗത്തിൽ പ്രശ്നം പരിഹരിക്കുന്നതിന് ഊർജിതമായ ശ്രമം നടത്തുമെന്ന് കളക്ടർ അറിയിച്ചു. 'ആ കുട്ടിയുടെ അവസ്ഥ സങ്കടകരം തന്നെയാണ്. നമുക്ക് എളുപ്പത്തിൽ വഴിയുണ്ടാക്കാം ..' കളക്ടർ പറഞ്ഞു. വീട്ടിലേക്ക് റോഡ് പണിയുന്ന വിഷയം കൈകാര്യം ചെയ്യുന്നതിന് അദ്ദേഹം കാഞ്ഞങ്ങാട് സബ് കളക്ടർ മേഘശ്രീക്ക് പ്രത്യേക കുറിപ്പ് നൽകി. കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് ഇത് സംബന്ധിച്ച് ഒരാഴ്ചയ്ക്കകം അടിയന്തിര നടപടി സ്വീകരിച്ചു റിപ്പോർട്ട് സമർപ്പിക്കുന്നതിന് സബ് കളക്ടർ ഫയൽ ഹൊസ്ദുർഗ് തഹസിൽദാർക്ക് അയച്ചു. തഹസിൽദാരുടെ റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് സബ് കളക്ടർ മേഘ്ശ്രീ 'കേരള കൗമുദി'യോട് പറഞ്ഞു. അതിനിടെ എൻഡോസൾഫാൻ ദുരിത ബാധിതരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അരുണിന് ചികിത്സ നല്കാൻ ഓട്ടോ പോകുന്ന വഴിയെങ്കിലും ലഭിക്കുന്നതിന് മുഖ്യമന്ത്രിക്കും റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനും മനുഷ്യാവകാശ കമ്മിഷനും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.