കണ്ണൂർ: മഞ്ചേരി വള്ളിക്കാപ്പറ്റ കേരള സ്കൂൾ ഫോർ ദി ബ്ലൈൻഡിൽ അദ്ധ്യാപകനായി പ്രവർത്തിക്കുന്ന നിസാറിന്റെ മനസ്സ് നിറയെ സംഗീതമാണ്. കാഴ്ചയും പ്രകാശവും സംഗീതം തന്നെ. ആ പാട്ടിനു മുന്നിൽ കൂരിരുട്ടും തോൽക്കും.
ചിറ്റൂർ ഗവൺമെന്റ് കോളേജിൽ നിന്നും സംഗീതത്തിൽ ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കിയതാണ് നിസാർ. 1997 കാലിക്കറ്റ് യൂണിവേഴ്സിറ്റി കലാപ്രതിഭയായി. യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് ബെംഗളൂരിലും കോട്ടയത്തും നടന്ന ഇന്റർ യൂണിവേഴ്സിറ്റി കലോത്സവങ്ങളിലും മുംബൈയിൽ നടന്ന നാഷണൽ യൂണിവേഴ്സിറ്റി കലോത്സവത്തിലും സമ്മാനം നേടി. സംഘമിത്ര ഫൈൻ ആർട്സ് സൊസൈറ്റി അവാർഡ് വിജയലക്ഷ്മിയോടൊപ്പം പങ്കിട്ടു. ആകാശവാണിയിലും ദൂരദർശൻ ഉൾപ്പെടെയുള്ള ദൃശ്യമാദ്ധ്യമങ്ങളിലും സംഗീത പരിപാടികൾ അവതരിപ്പിച്ചു. 2012 മുതൽ വിവിധ ചാനലുകൾക്ക് വേണ്ടി റിയാലിറ്റിഷോ പരിശീലനത്തിനും മുന്നിലുണ്ട്.
വിവിധ ചാനലുകളിലെ റിയാലിറ്റി ഷോകൾക്ക് വേണ്ടി 150-ലധികം കുട്ടികളെ പരിശീലിപ്പിച്ചു. ആയിരത്തിലധികം വിദ്യാർത്ഥികളെ ശാസ്ത്രീയസംഗീതവും മാപ്പിളപ്പാട്ടും പരിശീലിപ്പിച്ചു. വിവിധ ജില്ലകളിൽ നിന്നും നിസാർ തൊടുപുഴ പരിശീലിപ്പിച്ച നിരവധി വിദ്യാർത്ഥികൾ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാറുണ്ട്. കാഴ്ച പരിമിതരെയും റിയാലിറ്റി ഷോ താരങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് ചലഞ്ചേഴ്സ് വോയിസ് മഞ്ചേരി എന്ന പേരിൽ നിസാർ ഗാനമേള ട്രൂപ്പും നടത്തുന്നുണ്ട്.