
പഴയങ്ങാടി: പുതിയങ്ങാടി ഇട്ടമ്മൽ ഹൈസ്‌കൂളിന് സമീപം പാപ്പിനിശ്ശേരി റേഞ്ച് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ കഞ്ചാവും ലഹരി ഗുളികകളുമായി രണ്ട് യുവാക്കൾ പിടിയിലായി. പുതിയങ്ങാടി സിദ്ദിഖ് പള്ളിക്ക് സമീപത്തെ കെ.സി. ഹൗസിൽ വാഹിദ് (24), പുതിയങ്ങാടി ഇട്ടമ്മൽ സ്വദേശി കെ. ഷൗക്കത്ത് (26) എന്നിവരാണ് വലയിലായത്. ഇവർ സഞ്ചരിച്ച രണ്ട് സ്‌കൂട്ടറും പിടിച്ചെടുത്തു. ഇൻസ്പെക്ടർ അജീഷ് കെ. ജോണിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
മാട്ടൂൽ, പുതിയങ്ങാടി പ്രദേശങ്ങളിൽ മയക്കുമരുന്ന് വ്യാപാരം നടത്തുന്നവരാണ് ഇതെന്ന് എക്സൈസ് പറഞ്ഞു. ഒരു സ്ട്രിപ്പ് ലഹരി ഗുളികയ്ക്ക് 500 രൂപയാണ് വില. കൊറിയർ വഴിയാണ് മയക്കുമരുന്നുകൾ എത്തിക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പേരിനും അഡ്രസിനും പകരം ഫോൺ നമ്പർ മാത്രമാണ് നൽകുക. ഇത് മനസിലാക്കിയ എക്സൈസ് സംഘം കൊറിയർ ബോയിയുടെ വേഷം കെട്ടി ഇവരെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു.

വേദന സംഹാരി ഗുളിക, അപസ്മാരത്തിന് ഉപയോഗിക്കുന്ന ഗുളിക എന്നിങ്ങനെ 50 ഓളം പെട്ടി ഗുളികകളും കഞ്ചാവ് പൊതികളുമാണ് പിടിച്ചെടുത്തത്. മാട്ടൂൽ, പുതിയങ്ങാടി പ്രദേശങ്ങളിൽ നിരവധി യുവാക്കൾ മയക്കുമരുന്നിന് അടിമകളായിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എക്സൈസ് ഇൻസ്‌പെക്ടർ പറഞ്ഞു. പ്രവന്റീവ് ഓഫീസർമാരായ സന്തോഷ് തൂണോളി, കെ.സി. ഷിബു, കെ. രാജീവൻ, വി. നിഷാദ്, സി. ജിതേഷ്, എം.കെ വിവേക്, പി. സജിത്ത് എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.