പയ്യന്നൂർ: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്സുകളിലും മറ്റും കടമുറികൾ വാടകയ്ക്കെടുത്ത് വ്യാപാരം ചെയ്യുന്നവർക്ക് ലോക്ക്ഡൗൺ കാലത്ത് സർക്കാർ പ്രഖ്യാപിച്ച രണ്ടു മാസത്തെ വാടക ഇളവ് ഭൂരിഭാഗം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ലഭ്യമായില്ല. ഏപ്രിൽ, മേയ് മാസത്തേക്കാണ് സർക്കാർ വാടക ഇളവ് പ്രഖ്യാപിച്ചിരുന്നത്.

മിക്ക സ്വകാര്യ കെട്ടിട ഉടമകളും തങ്ങളുടെ കെട്ടിടങ്ങളിൽ വ്യാപാരം ചെയ്യുന്നവർക്ക് രണ്ടു മാസം മുതൽ മൂന്നു മാസം വരെ വാടക ഇളവ് ചെയ്ത് കൊടുത്തിരുന്നു. ഇതേ പാത പിന്തുടർന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും തങ്ങളുടെ കെട്ടിടങ്ങളിലുള്ള വ്യാപാരികൾക്ക് വാടക ഇളവ് അനുവദിക്കണമെന്ന ആവശ്യം ശക്തമായതിനെ തുടർന്നാണ് ഏപ്രിൽ, മെയ് മാസങ്ങളിലെ വാടക ഇളവ് അനുവദിച്ച് സർക്കാർ പ്രഖ്യാപനമുണ്ടായത്. എന്നാൽ ഇളവ് പ്രഖ്യാപിച്ചെങ്കിലും ഉത്തരവിലെ നൂലാമാലകൾ കാരണം മുഴുവൻ വ്യാപാരികൾക്കും ഇളവ് ലഭിക്കാനുള്ള സാദ്ധ്യത വിരളമാണ്.

സർക്കാർ ഉത്തരവ് പ്രകാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കാണ് ഇളവ് അനുവദിക്കാനുള്ള അധികാരം. മുഴുവൻ വ്യാപാരികൾക്കും ഇളവ് അനുവദിക്കുന്നതിന് പകരം, ഓരോ വ്യാപാരിയും നൽകുന്ന അപേക്ഷയിൽ അന്വേഷണം നടത്തി ബോധ്യപ്പെട്ടാണ് ഇവരുടെ ഇളവ് . അപേക്ഷ നിരസിക്കാനുള്ള അധികാരവും ഭരണ സമിതിക്കുണ്ട്.

ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിൽ ഭൂരിഭാഗം വ്യാപാരികളും ഏപ്രിൽ, മേയ് മാസങ്ങളിലെ വാടക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ അടച്ചിട്ടില്ല. എല്ലാ ഓഫീസുകളിലും ഇപ്പോൾ കമ്പ്യൂട്ടർ ബില്ലിംഗ് ആയതിനാൽ പിഴ കൂടി അടയ്ക്കേണ്ട അവസ്ഥയാണ്. വാടക ഇളവ് അനുവദിക്കുമ്പോൾ ഈ കണക്കിൽ അധികം വാങ്ങിയ പിഴ തുക കിഴിവ് നൽകുമെന്ന് പറയുന്നുണ്ടെങ്കിലും വ്യാപാരികൾ ഇത് വിശ്വസിക്കാൻ തയ്യാറായിട്ടില്ല.