
കണ്ണൂർ: സാമ്പത്തിക പ്രതിസന്ധിക്കിടെ തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി 38 കോടിയോളം രൂപ ചെലവിൽ സംസ്ഥാന സർക്കാർ പുതിയ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ വാങ്ങുന്നു. ഇതിന്റെ ബാദ്ധ്യത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണമെന്നു നേരത്തെ സർക്കാർ നിർദ്ദേശിച്ചിരുന്നുവെങ്കിലും സാമ്പത്തിക ബാദ്ധ്യത കണക്കിലെടുത്ത് തീരുമാനത്തിൽ നിന്നു പിൻവാങ്ങുകയായിരുന്നു.
2014- 15 സാമ്പത്തിക വർഷത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടിംഗ് യന്ത്രങ്ങൾ വാങ്ങുന്നതിനായി സംസ്ഥാനത്തെ ഓരോ പഞ്ചായത്തുകൾ 9 ലക്ഷം രൂപ വീതം വിഹിതമായി നൽകിയിരുന്നു. നഗരസഭകളും കോർപ്പറേഷനുകളും 12,15 ലക്ഷം രൂപ വീതമാണ് നൽകിയിരുന്നത്. ഈ തുക കൈവശം വച്ച് വീണ്ടും പഞ്ചായത്തുകളിൽ നിന്നു പണം പിരിക്കുന്നത് അപ്രായോഗികമാണെന്ന് ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് തദ്ദേശ സ്ഥാപനങ്ങൾ ഫണ്ട് നൽകുന്നതിൽ നിന്നും പിൻവാങ്ങിയത്.
പ്രളയം, കൊവിഡ് തുടങ്ങിയ കാരണങ്ങളാൽ സാമ്പത്തികമായി ഞെരുങ്ങുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടിൽനിന്ന് ഇത്രയധികം തുക മാറ്റിവെച്ചാൽ പദ്ധതി പ്രവർത്തനങ്ങൾ ആകെ താളം തെറ്റുമെന്ന് മിക്ക പഞ്ചായത്തുകളും അറിയിച്ചിരുന്നു. മറ്റ് തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കൂടുതൽ വോട്ടിംഗ് യന്ത്രങ്ങൾ പഞ്ചായത്തു തിരഞ്ഞെടുപ്പുകൾക്കാവശ്യമാണ്. വോട്ടിംഗ് മെഷീനു വേണ്ടി ഇത്രയധികം രൂപ ചെലവാക്കുന്നത് ഇതാദ്യമാണ്. നിലവിലുള്ള യന്ത്രങ്ങൾ പലതും തകരാറിലാണ്. വേണ്ടവിധം സംരക്ഷിക്കാത്തതിനാൽ പലതും ഉപയോഗശൂന്യവുമാണ്. സംസ്ഥാനത്ത് ഏകദേശം ഒരു ലക്ഷത്തോളം ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാണ് ആവശ്യമായി വരിക.
ഒരു കൺട്രോൾ യൂണിറ്റിൽ മൂന്ന് ബാലറ്റ് യൂണിറ്റുകൾ
നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ നിന്നു വ്യത്യസ്തമാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഘടന. മറ്റു തിരഞ്ഞെടുപ്പുകളിൽ ഒരു കൺട്രോൺ യൂണിറ്റ് മതിയാകും. എന്നാൽ ഇവിടെ ഒരു കൺട്രോൾ യൂണിറ്റും മൂന്ന് ബാലറ്റ് യൂണിറ്റുകളും ആവശ്യമാണ്. പഞ്ചായത്തു തിരഞ്ഞെടുപ്പുകൾക്ക് മാത്രമെ ഈ വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിക്കാൻ കഴിയുകയുമുള്ളു.