koyth
മംഗലശ്ശേരി പാടശേഖരത്ത് നിന്ന്‌

പട്ടുവം: ലോക്ക് ഡൗണിൽ വീടുകളിൽ കുടുങ്ങിയ കുടുംബങ്ങളിലെ ചെറുപ്പക്കാരടക്കമുള്ളവർ കാലങ്ങളോളം തരിശിട്ട വയലിലേക്കിറങ്ങിയത് ഏറെ ആവേശത്തോടെയായിരുന്നു. പക്ഷേ കൊയ്തും മെതിയും കഴിഞ്ഞ് ലാഭനഷ്ടങ്ങൾ കണക്കുകൂട്ടിയപ്പോൾ ഇവരിൽ പലർക്കും നിരാശയായിരുന്നു മുഖത്ത്. കണ്ണൂരിന്റെ നെല്ലറയായിരുന്ന പട്ടുവത്തെങ്കിലും കാര്യങ്ങൾ ഇങ്ങനെയാണ്.

പട്ടുവം പാടശേഖരങ്ങളിൽ കൊയ്ത്ത് ഏതാണ്ട് അവസാനഘട്ടത്തിലാണിപ്പോൾ. കൊയ്ത്തുയന്ത്രം താഴ്ന്നുപോകുന്ന വയലുകളിലും വിളയാത്ത നെല്ലുള്ള വയലുകളിലുമാണ് ബാക്കിയുള്ളത്. കൊയ്ത്തും മെതിയും എല്ലാം യന്ത്രം കൊണ്ടായിരുന്നു. തമിഴ്നാട്ടിൽ നിന്ന് ഇടനിലക്കാർ വഴി എത്തിയ യന്ത്രത്തിന് ഒരു മണിക്കൂറിന് 2500 രൂപയാണ് വാടക. ചില ഗ്രൂപ്പുകൾ 2300 രൂപ നിരക്കിൽ ജില്ലാ പഞ്ചായത്തിന്റെ യന്ത്രവും ഇറക്കി. ഇത് എല്ലാവർക്കും ലഭിച്ചതുമില്ല. ഒരു കണ്ടത്തിൽ നിന്നും 50-100 മീറ്റർ ദൂരെയുള്ള അടുത്ത പാടത്തിലേക്ക് യന്ത്രം വെറുതെ ഓടിയാലും അത്രയും സമയത്തെ വാടകയും കൃഷിക്കാർ തന്നെ കൊടുക്കണം.
കൊവിഡ് നൽകിയ അവസരം പലരും ഉപയോഗപ്പെടുത്തിയെന്നല്ലാതെ പ്രതീക്ഷിച്ച ലാഭം ഇല്ലാതായപ്പോൾ നിരാശരാകുകയായിരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിയെ രക്ഷിക്കണമെന്നാണ് ഇവരുടെ പക്ഷം. ഒന്നാംവിള, രണ്ടാംവിള, ഉഴുന്ന് തുടങ്ങിയ ധാന്യകൃഷി അടക്കം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ഇവർ പറയുന്നു.