കണ്ണൂർ: പുനഃസംഘടനയിൽ അർഹമായ പ്രാതിനിധ്യം കിട്ടാത്തതിൽ പ്രതിഷേധിച്ച് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് സ്ഥാനം കെ. സുധാകരൻ എം.പി രാജി വെക്കണമെന്ന് അദ്ദേഹത്തോടൊപ്പമുള്ള ഗ്രൂപ്പിൽ ആവശ്യമുയരുന്നു. മറ്റു ഗ്രൂപ്പുകൾക്ക് മതിയായ പ്രാതിനിധ്യം നൽകിയപ്പോൾ തങ്ങളെ പൂർണമായും തഴഞ്ഞെന്ന പരിഭവമാണ് ഇവരുടെ പ്രതിഷേധത്തിന് പിന്നിൽ. ഈ പ്രശ്നം ചർച്ച ചെയ്യാൻ അടുത്ത ആഴ്ച ഗ്രൂപ്പ് യോഗം ചേരുന്നുണ്ട്. യു.ഡി.എഫ് കൺവീനർ പദവിയിൽ നിന്ന് ബെന്നി ബഹന്നാനും തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. മുരളീധരനും രാജിവച്ചതിനു പിന്നാലെ സുധാകരനും രാജിവച്ചാൽ അത് കോൺഗ്രസ് നേതൃത്വത്തിന് കടുത്ത തലവേദനയാകും.
നിലവിൽ എംപിമാരായ കെ. സുധാകരനും കൊടിക്കുന്നിൽ സുരേഷുമാണ് ഇരട്ടപദവി അലങ്കരിക്കുന്ന പ്രമുഖർ. കൊടിക്കുന്നിൽ സുരേഷിനും കെ. സുധാകരനും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് സ്ഥാനം നൽകിയതിനെ ചൊല്ലി എ, ഐ ഗ്രൂപ്പുകളിൽ നിന്ന് എതിർപ്പുയർന്നിരുന്നു.കൊടിക്കുന്നിൽ സുരേഷും കെ. സുധാകരനും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവറെ സംസ്ഥാന കോൺഗ്രസ് നേതൃത്വം സമീപിച്ചതായാണ് സൂചന.
പുനഃസംഘടനയിൽ തന്നോടൊപ്പം നിൽക്കുന്നവരെ അവഗണിച്ചുവെന്ന കെ.സുധാകരന്റെ പരാതി കെ.പി.സി.സി പരിശോധിക്കുമെന്ന ഉറപ്പ് പാലിച്ചില്ലെന്ന് സുധാകരൻ അനുകൂലികൾ പറയുന്നു. സജീവ പ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കുന്നവരെ ഗ്രൂപ്പിന്റെ പേരിൽ പരിഗണിച്ചപ്പോൾ തന്നോടൊപ്പം നിന്ന പലരെയും തഴഞ്ഞതായാണ് പരാതി. കെ. സുധാകരൻ എം.പിയുടെ നേതൃത്വത്തിൽ സണ്ണി ജോസഫ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി എന്നിവർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി എന്നിവരെ നേരിട്ടുകണ്ട് പരാതി പറഞ്ഞിരുന്നു.
കെ.പി.സി.സിയിൽ ഒരു ജനറൽ സെക്രട്ടറി സ്ഥാനമാണ് സുധാകരൻ വിഭാഗത്തിന് ലഭിച്ചത്. അതും മരിച്ച കെ.സുരേന്ദ്രന്റെ ഒഴിവിൽ. അഡ്വ.മാർട്ടിൻ ജോർജിനാണ് ആ സ്ഥാനം നൽകിയത്. കണ്ണൂർ ജില്ലയിൽ സുധാകര വിഭാഗത്തിന് പുറത്തു നിന്നുള്ളവർക്ക് മൂന്ന് ജനറൽ സെക്രട്ടറിമാരുണ്ട്. ജനറൽ സെക്രട്ടറിമാരായ അഡ്വ. സജീവ് ജോസഫ്, സജീവ് മാറോളി, വി.എ നാരായണൻ എന്നിവരാണിവർ. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ബെന്നി ബഹനാനും കെ. മുരളീധരനും ചെയ്തതു പോലെ സുധാകരൻ സ്ഥാനം ഒഴിഞ്ഞാൽ അതു നേതൃത്വത്തിനു കടുത്ത തിരിച്ചടിയാകും.