cyber-park

കണ്ണൂർ: പത്തു വർഷം പിന്നിട്ടിട്ടും തറക്കല്ലിൽ നിന്നുയരാതെ എരമത്തെ സൈബർ പാർക്ക് മലബാറിന്റെ വികസന സ്വപ്നങ്ങൾക്ക് മേൽ കരിനിഴലായി. ഉത്തര മലബാറിലെ ഐ.ടി മേഖലയുടെ വികസനത്തിനായി തറക്കല്ലിട്ട ഐ. ടി പാർക്കാണ് കാട് കയറി നശിക്കുന്നത്. വി.എസ് അച്യുതാനന്ദൻ സർക്കാരിന്റെ സ്വപ്ന പദ്ധതിയാണിത് .

കേരളത്തിലെ ഐ.ടി രംഗത്തെ വികസനത്തിനായി അന്ന് മൂന്നു മേഖല തിരിച്ചാണ് പദ്ധതി ആലോചിച്ചത്. ദക്ഷിണ മേഖലയിൽ ടെക്‌നോ പാർക്കും മദ്ധ്യകേരളത്തിൽ ഇൻഫോ പാർക്കും ഉത്തര മേഖലയിൽ സൈബർ പാർക്കും. ടെക്‌നോ പാർക്കും ഇൻഫോ പാർക്കും ആരംഭിച്ചു ആയിരകണക്കിന് യുവാക്കൾക്ക് തൊഴിൽ നൽകിയിട്ടും സൈബർ പാർക്ക് മാത്രം യാഥാർത്ഥ്യമായില്ല.

കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ ഓരോയിടത്താണ് പാർക്ക്‌ വിഭാവനം ചെയ്തത്. മൂന്നിടങ്ങളിലും ഒരു കമ്പനിയുടെ കീഴിൽ തന്നെയായി സൈബർ പാർക്ക്‌ ലിമിറ്റഡ് എന്ന പേരിലാണ് പദ്ധതി മുന്നോട്ട് വച്ചത്. ഇതിനായി കമ്പനിക്ക് ഒരു സി.ഇ.ഒയെയും നിയമിച്ചിരുന്നു.

2010 ൽ ആരോഗ്യ മന്ത്രിയായിരുന്ന പി.കെ ശ്രീമതിയുടെ താത്പര്യ പ്രകാരം പയ്യന്നൂർ നിയോജക മണ്ഡലത്തിലെ എരമത്ത് സൈബർ പാർക്കിനു വേണ്ടി തറക്കല്ലിട്ടു. പാർക്ക് നിർമ്മിക്കാനായി മിച്ചഭൂമി ഏറ്റെടുത്തതിൽ നിന്നും 25 ഏക്കർ ഭൂമി കണ്ടെത്തി. നഗരത്തിൽ നിന്നും ഏറെ അകലെയുള്ള ഗ്രാമ പ്രദേശത്താണ് എരമത്തെ സ്ഥലം. ഇവിടെ റോഡ് നിർമിക്കാൻ സ്ഥലം അക്വയർ ചെയ്തു. ലക്ഷ കണക്കിന് രൂപ ചിലവഴിച്ചു 25 ഏക്കർ ഭൂമിക്കു ചുറ്റും വലിയ ചുറ്റുമതിലും നിർമ്മിച്ചു. മന്ത്രി ഇ.പി. ജയരാജൻ വ്യവസായ മന്ത്രിയായി ചുമതലയേറ്റെടുത്തപ്പോൾ എരമം സൈബർ പാർക്കുമായി ബന്ധപ്പെട്ട് ച‌ർച്ച നടന്നുവെങ്കിലും നടപടിയായില്ല. മട്ടന്നൂരിലോ എരമത്തോ സൈബർ പാർക്ക്‌ സ്ഥാപിക്കുന്ന കാര്യത്തിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല.