police

ഇരിട്ടി: വധശ്രമക്കേസിൽ ശിക്ഷിച്ച പ്രതികളെ ജയിലധികൃതർക്ക് കൈമാറും മുമ്പ് നടത്തിയ പരിശോധനയിൽ ഒരു പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് നിരീക്ഷണത്തിൽ പോയ മൂന്ന് പൊലീസുകാർക്ക് കൊവിഡ് പോസിറ്റീവ്. ഒരാഴ്ച മുൻപായിരുന്നു പ്രതികളെയുമായി ഇവർ കോടതിയിൽ നിന്നും ജയിലിലേക്ക് പോയത്.

ഇരിട്ടിയിലെ കൂൾബാർ ഉടമയും മുസ്ലിം ലീഗ് പ്രവർത്തകരുമായ ചള്ളിന്റകത്ത് റഫീക്ക് ഉൾപ്പെടെ അഞ്ചു പേരെ കടയിൽ കയറി ആക്രമിച്ച് വധിക്കാൻ ശ്രമിച്ചു എന്നതായിരുന്നു കേസ്. ഇതിൽ പ്രതികളായ അഞ്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കോടതി പത്തര വർഷം തടവിന് ശിക്ഷിച്ചതിനെത്തുടർന്നു പ്രതികളെ കോടതിയിൽ നിന്നും ഏറ്റുവാങ്ങി ജയിലധികൃതർക്ക് കൈമാറും മുൻപ് നടത്തിയ പരിശോധനയിലാണ് ഒരു പ്രതിക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിനെത്തുടർന്ന് ഇവരെ കോടതിയിൽ നിന്നും ജയിലിലെത്തിച്ച ഇരിട്ടി സ്റ്റേഷനിലെ ഡ്രൈവർ ഉൾപ്പെടു നാല് പൊലീസ് ഉദ്യോഗസ്ഥരാണ് നിരീക്ഷണത്തിൽ പോയിരുന്നത്. ഇതിൽ മൂന്നു പേർക്കാണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചത്.
അതേസമയം ജയിൽ അധികൃതരുടെയും ആരോഗ്യ വകുപ്പിന്റെയും വലിയ അനാസ്ഥയാണ് പൊലീസുകാർക്ക് രോഗം പിടിപെടാൻ ഇടയാക്കിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ജയിലിൽ പ്രതികളെ എത്തിച്ചപ്പോൾ കൊവിഡ് ടെസ്റ്റ് നടത്തുന്ന ഉത്തരവാദിത്തത്തിൽ നിന്നും ജയിലധികൃതർ ഒഴിഞ്ഞുമാറുകയായിരുന്നു. തങ്ങൾക്കു ഇതിൽ യാതൊരു ഉത്തരവാദിത്തവുമില്ലെന്നും കൊവിഡ് ടെസ്റ്റ് ചെയ്തു നിങ്ങൾ തന്നെ എത്തിക്കണമെന്നുമായിരുന്നു ജയിലധികൃതർ ആവശ്യപ്പെട്ടത്. തുടർന്ന് ആരോഗ്യ വകുപ്പധികൃതരെ ബന്ധപ്പെട്ടെങ്കിലും അവരുടെ ഭാഗത്തു നിന്നും പ്രതികരണമൊന്നുമുണ്ടായില്ലത്രേ. ആംബുലൻസിന് ആവശ്യപ്പെട്ടെങ്കിലും അതും വിട്ടുകൊടുത്തില്ലെന്നും ഇതിനെത്തുടർന്ന് പ്രതികളുമായി പൊലീസുകാർക്ക് ഏറെ നേരം ചുറ്റിത്തിരിയേണ്ടതായി വന്നുമെന്നുമാണ് ആരോപണം.