stadium
നിർമ്മാണം പൂർത്തിയായ സ്റ്റേഡിയത്തിലെ കെട്ടിട സമുച്ചയവും ഗാലറിയും

തലശ്ശേരി: ഒട്ടേറെ ദേശീയ അന്തർദ്ദേശീയ കളിക്കാരെ സമ്മാനിച്ച തലശ്ശേരി സ്‌റ്റേഡിയത്തിന്റെ പുനർനിർമ്മാണം അന്തിമഘട്ടത്തിൽ. യുവജന കായിക മന്ത്രാലയത്തിന്റെ കീഴിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് അന്ത്യാധുനിക സംവിധാനങ്ങളോടെ ലോകോത്തര സ്‌റ്റേഡിയം നിർമ്മിക്കുന്നത്. 6.8 കോടി രൂപ കെട്ടിട സമുച്ചയത്തിനും, 4.8 കോടി രൂപ കളിക്കളമൊരുക്കുന്നതിനും വേണ്ടി ചെലവഴിക്കും.
മൂന്ന് നില കെട്ടിട സമുച്ചയത്തിൽ ഗാലറിയടക്കമുള്ള സംവിധാനമുണ്ടാകും. ഫ്ളഡ്ലിറ്റ് ,ലിഫ്റ്റ്, അഗ്നിശമന സംവിധാനവുമൊരുക്കും. കളിക്കാർക്ക് താമസിക്കാനും വിശ്രമിക്കാനുള്ള സൗകര്യമുണ്ട്. എയർ കണ്ടീഷന്റ് വി.ഐ.പി. ലോഞ്ചും ഒരുക്കിയിട്ടുണ്ട്. ഇവയുടെ നിർമ്മാണം പൂർത്തിയായി. മഴയും, തുടർന്ന് കൊവിഡും മൂലം നിർമ്മാണം വൈകുകയായിരുന്നു. വിവിധ അത് ലറ്റിക് ഇനങ്ങൾക്ക് പുറമെ ഗ്രൗണ്ടിന്റെ മദ്ധ്യഭാഗത്തായി ഫുട്ബാൾ കോർട്ടും നിർമ്മിക്കുന്നുണ്ട്. ഗ്രൗണ്ടിന്റെ ഇരുവശങ്ങളിലായി ഷോട്ട്പുട്ട്, ബാസ്‌ക്കറ്റ്ബാൾ തുടങ്ങിയ കോർട്ടുകളുമുണ്ടാകും. നാനൂറ് മീറ്റർ സിന്തറ്റിക് ട്രാക്കിന്റെ നിർമ്മാണം നടന്നു വരികയാണ്. ഡിസംബർ മാസത്തോടെ നവീകരിച്ച ഗ്രൗണ്ട് ഉദ്ഘാടനം ചെയ്യും.
മൈതാനത്തിന് ചുറ്റിലുമായി വലിയ തണൽമരങ്ങളുണ്ടായിരുന്നു. അതോടൊപ്പം ഇരിപ്പിടങ്ങളും സ്ഥാപിച്ചിരുന്നു. മുന്നൂറ് വയസുള്ള ഒരു വൃക്ഷ മുത്തശ്ശിയും ഏതാനും ഇരിപ്പിടങ്ങളും മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ. ഇരിപ്പിടങ്ങളിലിരുന്നാൽ സൂര്യാസ്തമയം കാണാമായിരുന്നു. ഏതായാലും ഉത്തരകേരളത്തിന്റെ കായിക സ്വപ്നങ്ങൾ ഈ വർഷാന്ത്യത്തോടെ പൂവണിയുകയും വീണ്ടും അറബിക്കടലിന്റെ തിരമാലകൾക്കൊപ്പം മൈതാനത്ത് ആവേശത്തിന്റെ അലമാലകൾ തിരയടിക്കുകയും, ആരവങ്ങളുയരുകയും ചെയ്യും.

ഇന്ത്യൻ ക്രിക്കറ്റിന്റെ ജന്മസ്ഥലം

ഇന്ത്യയിൽ ആദ്യമായി ക്രിക്കറ്റ് കളിച്ച് തുടങ്ങിയത് ഈ ഗ്രൗണ്ടിൽ വെച്ചായിരുന്നു. പഴശ്ശിയെ നിർമ്മാർജ്ജനം ചെയ്യാനെത്തിയ പട്ടാളക്കാരായിരുന്നു ക്രിക്കറ്റ് കമ്പക്കാർ. പിൽക്കാലത്ത് വൈസ്‌റോയിയായി മാറിയ ആർതർ വെല്ലസ്ലി ഇന്നത്തെ സബ് കളക്ടർ ഓഫീസിൽ താമസിച്ചിരുന്ന കാലത്ത് പതിവായി മൈതാനത്തെത്തി ക്രിക്കറ്റ് കളിക്കുക പതിവായിരുന്നു. 1935ൽ യൂറോപ്യൻ ക്ലബ്ബ് കായിക പ്രേമികളായ പി.വി. കുഞ്ഞി മൂസ്സ, ഡോ: ടി.കെ. നാരായണൻ, ഡോ: പെരേര, സി.കെ. കുഞ്ഞിപ്പക്കിക്കേയി, ദൊരൈരാജ് എന്നിവരുടെ ഉടമസ്ഥതയിലായതോടെ ടെന്നീസ് കളിക്കാരുടെ പറുദീസയായി മാറി.

മഹാസമ്മേളനങ്ങൾക്ക് വേദിയായി

പ്രധാനമന്ത്രിമാരായിരുന്ന ജവഹർലാൽ നെഹ്രു, ഇന്ദിരാഗാന്ധി തുടങ്ങിയവർ പങ്കെടുത്ത മഹാസമ്മേളനങ്ങൾ ഇവിടെ നടന്നിരുന്നു. അറുപതുകളിലും, എഴുപതുകളിലും ഇവിടെ നടന്ന മുസ്ലിം ലീഗിന്റെ മഹാസമ്മേളനത്തിലും സി.പി.എമ്മിന്റെ കർഷക സമ്മേളനത്തിലുമെല്ലാം മൈതാനം നിറഞ്ഞ് കവിഞ്ഞ സാഹചര്യമുണ്ടായി. ഇ.എം.എസും, സുർജിത് സിംഗും, എ.കെ.ജിയും, ബാഫക്കി തങ്ങളും, ബനാത്ത് വാലയും, സുലൈമാൻ സേട്ടുവുമടങ്ങുന്ന ഉന്നത നേതാക്കൾ ഇവിടെ ജനസാഗരങ്ങളെ അഭിസംബോധന ചെയ്തിട്ടുണ്ട്.