കണ്ണൂർ: ഇരുചക്ര-മുച്ചക്ര വാഹന യാത്രക്കാരെ അപകടത്തിൽപ്പെടുത്തി ദേശീയപാതയിൽ വൻകുഴികൾ. കണ്ണൂർ-കാസർകോട് ജില്ലകളിൽ മിക്കയിടത്തും വൻകുഴികളാണ് അപകടത്തിലേക്ക് വാതുറന്ന് കിടക്കുന്നത്. കാസർകോട് ഉപ്പള തൊട്ട് കണ്ണൂർ ജില്ലയുടെ തെക്കൻ അതിർത്തിവരെ അങ്ങിങ്ങായി ഇത്തരം കുഴികളുണ്ട്.

കഴിഞ്ഞദിവസം കാസർകോട് എ.ആർ ക്യാമ്പിലെ ചന്തേര സ്വദേശിയായ എസ്.ഐ കാഞ്ഞങ്ങാട് സൗത്തിൽ വച്ച് അപകടത്തിൽപെട്ടിരുന്നു. ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് വലിയ കുഴിയിൽ വീണ് നിയന്ത്രണംവിട്ട് മറിഞ്ഞതിന് പിന്നാലെ പിറകെ വന്ന ബൊലേറോ കാർ കയറിയിറങ്ങുകയുമായിരുന്നു. സാരമായി പരിക്കേറ്റ എസ്.ഐ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ സ്പൈനൽകോഡിനും ക്ഷതമേറ്റിട്ടുണ്ട്. പടന്നക്കാട് റെയിൽവേ ഓവർബ്രിഡ്ജിന് മുകളിലുള്ള കുഴിയിൽ വീണ് വെള്ളരിക്കുണ്ട് താഹസിൽദാർക്ക് സാരമായി പരിക്കേറ്റതാണ് മറ്റൊരു സംഭവം. കഷ്ടിച്ചാണ് ഇദ്ദേഹത്തിന്റെ ജീവൻ രക്ഷപ്പെട്ടത്. കരിവെള്ളൂർ, വെള്ളൂർ, പെരുമ്പ, വളപട്ടണം പാലത്തിന് ഇരുവശങ്ങളിലും കാലിക്കടവ് മുതൽ കാഞ്ഞങ്ങാട് വരെയും കുമ്പള മുതൽ ഉപ്പളവരെയുമാണ് ദേശീയപാത തകർന്ന് കിടക്കുന്നത്.

മഴ പെയ്താൽ കുഴികളുടെ ആഴം അറിയാനും കഴിയുന്നില്ല. ഏതാനും ആഴ്ചകൾക്ക് മുമ്പ് പൊതുമരാമത്ത് വകുപ്പ് കുഴി അടക്കൽ യജ്ഞം നടത്തിയിരുന്നെങ്കിലും ഒറ്റ മഴയോടെ ഈ ഭാഗങ്ങളത്രയും അടർന്നുപോവുകയും ചെയ്തു.

പഴയപോലെയല്ല, മുന്നിൽ സാങ്കേതിക പ്രശ്നവും

ധർമ്മടം മുതൽ മാഹി പാലം വരെയും വേളാപുരം മുതൽ താണവരെയുമുള്ള ദേശീയപാത നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യക്ക് കൈമാറിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് കഴിഞ്ഞ ദിവസം ഇറങ്ങി കഴിഞ്ഞു. ഇത്രയും ഭാഗങ്ങളിൽ ഇനിമുതൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് പറയുന്നത്. കോഴിക്കോട് ആസ്ഥാനമായാണ് എൻ.എച്ച്.എ.ഐയുടെ പ്രവർത്തനം. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ സർക്കാരിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് കണ്ണൂർ നാഷണൽ ഹൈവേ സബ്ഡിവിഷൻ അധികൃതർ നൽകുന്ന വിശദീകരണം.

കാലിക്കടവ് മുതൽ പരിയാരം വരെയുള്ള കുഴികൾ അടക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യയ്ക്ക് കൈമാറിയ ഭാഗങ്ങളിൽ പെട്ടെന്ന് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. സർക്കാരുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടി എടുക്കാനുള്ള ശ്രമത്തിലാണ്.

-കണ്ണൂർ നാഷണൽ ഹൈവേ സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എൻജിനിയർ ടി. പ്രശാന്ത്