
കണ്ണൂർ: കാസർകോട് ജില്ലയിലെ തലപ്പാടി മുതൽ കണ്ണൂരിലെ മുഴപ്പിലങ്ങാട് വരെയുള്ള ദേശീയപാതാ വികസനമെന്ന സ്വപ്നപദ്ധതിക്ക് വേഗമേറുന്നു. ദേശീയപാത ആറു വരിയാക്കി വികസിപ്പിക്കുന്നതിന്റെ നിർമാണോദ്ഘാടനം 13ന് നടക്കും. തളിപ്പറമ്പ്- മുഴപ്പിലങ്ങാട് റീച്ച് അദാനി ഗ്രൂപ്പിനും നീലേശ്വരം - ചെങ്കള റീച്ച് മേഘാ കൺസ്ട്രക്ഷൻ കമ്പനിക്കുമാണ് നൽകിയിരിക്കുന്നത്.
മൂന്നു വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കി ദേശീയപാതാ അതോറിറ്റിക്ക് കൈമാറണമെന്നാണ് കരാറിലെ വ്യവസ്ഥ. തുടർന്നുള്ള ഒരു വർഷത്തെ അറ്റകുറ്റപ്പണികളും കരാറുകാർക്കാണെന്നും വ്യവസ്ഥയുണ്ട്. കഴിഞ്ഞമാസം അഞ്ചിനു മുമ്പ് കടകൾ പൂർണമായും ഒഴിഞ്ഞു കൊടുക്കാനുള്ള നോട്ടീസ് എല്ലാ വ്യാപാരികൾക്കും അധികൃതർ നേരിട്ട് എത്തിച്ചിരുന്നു. ഈ ഭാഗങ്ങളിലെ കടകൾ പകുതിയോളം ഒഴിഞ്ഞിട്ടുണ്ട്. ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും ഒഴിഞ്ഞു കൊടുക്കാത്തതിന്റെ പേരിൽ അനിശ്ചിതത്വമുണ്ടായിരുന്ന മുഴപ്പിലങ്ങാട് കുളം ബസാറിലെ ദേശീയപാതയോട് ചേർന്നു നിൽക്കുന്ന കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും അധികൃതർ ഒഴിപ്പിച്ചിരുന്നു.
കണ്ണൂർ ജില്ലയിൽ കാലിക്കടവ് മുതൽ കുറ്റിക്കോൽ പാലം വരെയുള്ള 30.500 കിലോമീറ്റർ റോഡ് ഈ റീച്ചിലാണ്. ഇതിൽ പയ്യന്നൂർ, തളിപ്പറമ്പ് ബൈപാസുകളുടെ ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാകാനുണ്ട്.
നഷ്ടപരിഹാരം നൽകിത്തുടങ്ങി
മുഴപ്പിലങ്ങാട്, കടമ്പൂർ, ചെമ്പിലോട്, എടക്കാട്, ചേലോറ, മൊറാഴ വില്ലേജുകളിൽ 70 ശതമാനം തുക വിതരണം ചെയ്തു.
എളയാവൂർ വില്ലേജിൽ കൊടുത്തു തുടങ്ങി. പാപ്പിനിശേരി, കല്യാശേരി വില്ലേജുകളിൽ പണം ലഭിക്കുന്നതേയുള്ളൂ. വലിയന്നൂർ, പുഴാതി, ചിറക്കൽ വില്ലേജുകളിൽ വില നിർണയം പൂർത്തിയായി. നീലേശ്വരം - കുറ്റിക്കോൽ റീച്ചിൽപ്പെടുന്ന ചില വില്ലേജുകൾക്കും ഫണ്ട് ലഭിക്കാനുണ്ട്. വലിയന്നൂർ, പുഴാതി വില്ലേജിലെ സ്ഥലമെടുപ്പ് നടപടി തുടങ്ങി. ചിറക്കൽ ഉൾപ്പെടെയുള്ള വില്ലേജുകളും സ്ഥലമെടുപ്പിലേക്ക് കടക്കുകയാണ്.സബ്കളക്ടർമാരും തഹസിൽദാർമാരും ഉൾപ്പെട്ട വലിയസംഘം തന്നെ ദേശീയപാത വികസനം ലക്ഷ്യമാക്കിയുള്ള സ്ഥലമെടുപ്പിനു പിറകെയുണ്ട്. കീഴാറ്റൂർ ബൈപാസിലേതുപോലെ മോഹവില നൽകിയാണ് സ്ഥലമേറ്റെടുപ്പ് നടക്കുന്നത്. .
ഉദ്ഘാടനം ഇങ്ങനെ
ദേശീയ പാതയുടെ നിർമ്മാണോദ്ഘാടനം 13ന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും വീഡിയോ കോൺഫ്രൻസ് വഴി നിർവഹിക്കും.
കുറ്റിക്കോൽ പാലം മുഴപ്പിലങ്ങാട് 35.6 കി.മി
തലപ്പാടി ചെങ്കള റീച്ച് 1968.94 കോടി
ചെങ്കള നീലേശ്വരം റീച്ച് 1107 ..56 കോടി
സ്ഥലമെടുപ്പിന് 1234.80 കോടി