koova
വിളവെടുക്കാൻ പ്രായമായ കൂവ

തൃക്കരിപ്പൂർ: നാട്ടിൽ നിന്ന് ഏറെക്കുറെ അപ്രത്യക്ഷമായ പോഷകസമൃദ്ധമായ തനത് കിഴങ്ങുവർഗവിളയായ കൂവക്കിഴങ്ങിന് ഇത് വിളവെടുപ്പു കാലം. പഴയ കാലത്ത് തൊടിയിൽ സമൃദ്ധമായിരുന്ന കൂവ ഇന്ന് നാമമാത്രമായാണ് കണ്ടുവരുന്നത്.

കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് പ്രധാന ആശ്രയമായിരുന്നു പാൽനിറത്തിൽ കാണപ്പെടുന്ന മനോഹരമായ ഈ കിഴങ്ങ്.

കൃത്രിമമായ ബേബി ഫുഡുകളുടെ തള്ളിക്കയറ്റത്തോടെയാണ് കൂവ തൊടിയിൽ നിന്ന് ഇറങ്ങിത്തുടങ്ങിയത്. കൂവക്കിഴങ്ങിന്റെ ഔഷധ, ഭക്ഷണ സവിശേഷതകൾ തിരിച്ചറിയാത്തവർ ഇതിനെ ഇല്ലാതാക്കുകയായിരുന്നു. ഔഷധത്തിനും കുട്ടികൾക്കുള്ള കുറുക്കിനും ബിസ്ക്കറ്റ് നിർമാണത്തിനുമാണ് കൂവക്കിഴങ്ങ് കൂടുതലും ഉപയോഗിച്ചു വരുന്നത്.

അന്നജസമൃദ്ധം, ഫലപ്രദ ഔഷധം

അന്നജ സമൃദ്ധമായ കൂവ ഒരു നിസ്സാരക്കാരനല്ല. മരങ്ങൾക്കിടയിൽ പോലും യാതൊരു പരിചരണവുമില്ലെങ്കിലും ഇത് തഴച്ചുവളരും. കുട്ടികളുടെ അതിസാരത്തിന് ഫലപ്രദമായ മരുന്നായി ഉപയോഗിച്ചു വന്നിരുന്നു. മാത്രമല്ല പണ്ട് കാലത്ത് പ്രസവിച്ച സ്ത്രീകൾക്ക് കൂവപ്പൊടി കാച്ചിക്കൊടുക്കുന്ന പതിവുണ്ടായിരുന്നുവെന്നും എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണ പദാർത്ഥമാണിതെന്നും മുതിർന്ന സ്ത്രീകൾ പറയുന്നു. ആയുർവ്വേദ മരുന്നുകളും സിദ്ധൗഷധങ്ങളും ഉണ്ടാക്കുന്നതിന് ഇത് ഉപയോഗപ്പെടുത്തിരുന്നു. അന്നജവും ആൽക്കലോയിഡും ധാരാളം അടങ്ങിയിട്ടുള്ള കിഴങ്ങുകൾ കിളച്ചെടുത്ത് വേരും മറ്റും നീക്കി പുറംതോൽ ചകിരി ഉപയോഗിച്ച് ഉരച്ചുകഴുകി അരച്ചെടുക്കുകയാണ് ചെയ്യുന്നത്.

കൂവയ്ക്കുണ്ട് ഒരു പ്രചാരകൻ

തൃക്കരിപ്പൂരിലെ പാരമ്പര്യ വൈദ്യനായ കെ.വി കൃഷ്ണപ്രസാദ് കൂവയുടെ പോഷകസമൃദ്ധിയുടെയും ഔഷധഗുണത്തിന്റെയും നല്ലൊരു പ്രചാരകനാണ്. പേക്കടം, കുന്നച്ചേരി, വൈക്കത്ത്, കൊയോങ്കര എന്നിവിടങ്ങളിൽ നിന്ന് കൂവക്കിഴങ്ങ് ശേഖരിച്ച് ഔഷധവും കുറുക്കും നിർമ്മിച്ച് ഈ സസ്യത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തിലെത്തിക്കുന്ന തിരക്കിലാണ് ഇദ്ദേഹം.

നാട്ടിൽപുറത്തുള്ളവർ തിരിച്ചറിവില്ലാതെ കൂവയെ മറന്നുകളഞ്ഞിട്ടുണ്ടെങ്കിലും ഇതിന്റെ പ്രാധാന്യം തിരിച്ചറിയുന്നവർ ഏറെയുണ്ട്. കേരളത്തിൽ ചിലയിടങ്ങളിൽ രാസ, ജൈവവളങ്ങൾ ചേർത്ത് വൻതോതിൽ കൂവ കൃഷി ചെയ്തുവരുന്നുണ്ട്.

-കാർഷിക സർവകലാശാല

ഉദ്യോഗസ്ഥൻ പി.വി. സുരേന്ദ്രൻ