കാഞ്ഞങ്ങാട്: മഞ്ഞംപൊതികുന്ന് ടൂറിസം പദ്ധതിക്ക് വേണ്ടി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സർക്കാറിൽ സമർപ്പിച്ച 4,97,50,000 രൂപയുടെ വികസന പദ്ധതിക്ക് ടൂറിസം വർക്കിംഗ് ഗ്രൂപ്പ് യോഗം അംഗീകാരം നൽകി. രണ്ട് വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന മഞ്ഞംപൊതി കുന്നിൽ അജാനൂർ വില്ലേജിൽപെട്ട സ്ഥലമാണ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ നിർദ്ദേശാനുസരണം ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തിക്കൊണ്ട് ജില്ലാ കളക്ടർ ടൂറിസം വകുപ്പിന് ഉപയോഗാനുമതി നൽകിയത്.
പദ്ധതിയുടെ നിർമ്മാണം ആരംഭിക്കുന്നതിനു മുമ്പ് ബല്ല വില്ലേജിൽപെടുന്ന സ്ഥലത്തിനുകൂടി റവന്യൂ വകുപ്പ് ടൂറിസം വകുപ്പിന് ഉപയോഗാനുമതി നൽകും. പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യം നിലനിർത്തിക്കൊണ്ടായിരിക്കും വിനോദ സഞ്ചാരപദ്ധതി നടപ്പിലാക്കുക. മഞ്ഞുംപതിക്കുന്നിൽ എത്തുന്ന സന്ദർശകർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലുപരി, സംഗീതത്തിന്റെ പശ്ചാത്തലത്തിൽ വർണ്ണാഭമായ ജലധാര, ബേക്കൽ കോട്ട, തൈക്കടപ്പുറം അഴിമുഖം, വിശാലമായ അറബിക്കടൽ എന്നിവയുടെ ദൂര കാഴ്ച കുന്നിൻമുകളിൽ നിന്ന് ആസ്വദിക്കാനുള്ള ബൈനോക്കുലർ സംവിധാനങ്ങൾ, വാനനിരീക്ഷണത്തിനുള്ള ടെലിസ്‌കോപ്പ് എന്നിവ സ്ഥാപിക്കും.
ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബുവിന്റെ നൂതന ആശയം ടൂറിസം വകുപ്പ് എംപാനൽഡ് ആർക്കിട്ടെക്ടുമാരായ പ്രമോദ് പാർത്ഥൻ, സി.പി. സുനിൽ കുമാർ എന്നിവരാണ് ആവിഷ്‌കരിച്ചത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഈ സർക്കാരിന്റെ കാലത്ത് കാഞ്ഞങ്ങാട് പരിസരത്ത് നടപ്പാക്കുന്ന മൂന്നാമത്തെ ടൂറിസം പദ്ധതിയായി മഞ്ഞുംപൊതിക്കുന്ന് പദ്ധതി മാറും. കാഞ്ഞങ്ങാട് ടൗൺ സ്‌ക്വയർ, കാഞ്ഞങ്ങാട് കൈറ്റ് ബീച്ച് എന്നിവക്ക് നേരത്തെ അംഗീകാരം ലഭിച്ചിരുന്നു. വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ പി. ബാലകിരൺ, പ്ലാനിംഗ് ഓഫീസർ രാജീവൻ കാരിയിൽ എന്നിവർ പങ്കെടുത്തു.