kunn
മഞ്ഞംപൊതികുന്ന്

കാഞ്ഞങ്ങാട്: മഴക്കാലത്ത് പച്ചപ്പും വേനൽ ക്കാലത്ത് സ്വർണ്ണ നിറമാർന്ന പുല്ലുകളും മാത്രം കാണുന്ന മഞ്ഞംപൊതികുന്നിന് ടൂറിസം രംഗത്ത് പുതിയ അംഗീകാരം. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സർക്കാരിൽ സമർപ്പിച്ച 4,97,50,000 രൂപയുടെ വികസന പദ്ധതിക്ക് ടൂറിസം വർക്കിംഗ് ഗ്രൂപ്പ് യോഗം അംഗീകാരം നൽകി.

രണ്ട് വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന മഞ്ഞംപൊതി കുന്നിൽ അജാനൂർ വില്ലേജിൽപെട്ട സ്ഥലമാണ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ നിർദ്ദേശാനുസരണം ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി ജില്ലാ കളക്ടർ ടൂറിസം വകുപ്പിന് ഉപയോഗാനുമതി നൽകിയത്. പദ്ധതിയുടെ നിർമ്മാണം ആരംഭിക്കും മുൻപ് ബല്ല വില്ലേജിൽ പെടുന്ന സ്ഥലത്തിനുകൂടി റവന്യൂ വകുപ്പ് ടൂറിസം വകുപ്പിന് ഉപയോഗാനുമതി നൽകും.

പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യം നിലനിർത്തിയായിരിക്കും വിനോദ സഞ്ചാര പദ്ധതി നടപ്പാക്കുക. മഞ്ഞംപൊതിക്കുന്നിൽ എത്തുന്ന സന്ദർശകർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലുപരി സംഗീതത്തിന്റെ പാശ്ചാത്തലത്തിൽ വർണ്ണാഭമായ ജലധാര, ബേക്കൽ കോട്ട, തൈക്കടപ്പുറം അഴിമുഖം, വിശാലമായ അറബിക്കടൽ എന്നിവയുടെ ദൂര കാഴ്ച കുന്നിൻമുകളിൽ നിന്ന് ആസ്വദിക്കാനുള്ള ബൈനോക്കുലർ സംവിധാനങ്ങൾ, വാനനിരീക്ഷണത്തിനുള്ള ടെലിസ്‌കോപ്പ് എന്നിവ സ്ഥാപിക്കും.

ഇരിപ്പിടങ്ങൾ, സെൽഫി പോയിന്റുകൾ, ലഘുഭക്ഷണശാല, പാർക്കിംഗ് സൗകര്യം എന്നിവയും ഉണ്ടാകും. രാത്രിയിൽ ആകാശകാഴ്ചകൾ ആസ്വദിക്കും വിധം വാനനിരീക്ഷണ വിനോദ സഞ്ചാര പദ്ധതി എന്ന ആശയം സംസ്ഥാനത്ത് ആദ്യമായിട്ടാണ് നടപ്പാക്കുന്നത്. ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബുവിന്റെ നൂതന ആശയം ടൂറിസം വകുപ്പ് എം പാനൽഡ് ആർക്കിട്ടെക്റ്റുമാരായ പ്രമോദ് പാർത്ഥൻ, സി.പി. സുനിൽ കുമാർ എന്നിവരാണ് ആവിഷ്‌കരിച്ചത്.

അടുത്ത വർഷം മാർച്ചിൽ പദ്ധതി പൂർത്തീകരിക്കാനാകുമെന്ന് ഡി.ടി.പി.സി സെക്രട്ടറി ബിജു രാഘവൻ, മാനേജർ പി. സുനിൽ കുമാർ എന്നിവർ അറിയിച്ചു. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഈ സർക്കാരിന്റെ കാലത്ത് കാഞ്ഞങ്ങാട് പരിസരത്ത് നടപ്പാക്കുന്ന മൂന്നാമത്തെ ടൂറിസം പദ്ധതിയായി മഞ്ഞംപൊതിക്കുന്ന് പദ്ധതി മാറും. കാഞ്ഞങ്ങാട് ടൗൺ സ്‌ക്വയർ, കാഞ്ഞങ്ങാട് കൈറ്റ് ബീച്ച് എന്നിവയ്ക്ക് നേരത്തെ അംഗീകാരം ലഭിച്ചിരുന്നു.

വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ പി. ബാല കിരൺ, പ്ലാനിംഗ് ഓഫീസർ രാജീവൻ കാരിയിൽ എന്നിവർ പങ്കെടുത്തു.